ന്യൂയോർക്ക്: നാസയുടെ ക്യൂരിയോസിറ്റി റോവർ ചൊവ്വയിൽ നടത്തിയ രാസപരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ജീവന്റെ അടിസ്ഥാന ഘടകങ്ങളായി കണക്കാക്കുന്ന കൂടുതൽ ജൈവ തന്മാത്രകൾ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ അറിയിച്ചു.
2020-ൽ ചൊവ്വയിലെ ഒരു പാറയിൽ നിന്ന് ശേഖരിച്ച സാംപിളുകളുടെ വിശകലനത്തിലാണ് ഈ നിർണായക കണ്ടെത്തൽ ഉണ്ടായത്. ഇതുവരെ ചൊവ്വയിൽ നിന്നു ലഭിച്ചതിൽ ഏറ്റവും വൈവിധ്യമാർന്ന ജൈവ തന്മാത്രകളുടെ ശേഖരമാണിതെന്ന് നാസ വ്യക്തമാക്കി.
കണ്ടെത്തിയ 21 കാർബൺ അടങ്ങിയ തന്മാത്രകളിൽ ഏഴെണ്ണം ആദ്യമായാണ് ചൊവ്വയിൽ കണ്ടെത്തുന്നത്. ഇംഗ്ലീഷ് ഫോസിൽ ഗവേഷക മേരി ആനിങ്ങിന്റെ സ്മരണാർത്ഥം “മേരി ആനിങ് 3” എന്ന് പേരിട്ട സാംപിളിലാണ് ഇവ കണ്ടെത്തിയത്.
മൗണ്ട് ഷാർപ്പിലെ കളിമൺ സമൃദ്ധമായ പ്രദേശത്തുനിന്നാണ് ഈ സാംപിൾ ശേഖരിച്ചത്. കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഇവിടെ തടാകങ്ങളും അരുവികളും ഉണ്ടായിരുന്നുവെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.
പുതുതായി കണ്ടെത്തിയ തന്മാത്രകളിൽ ഡി.എൻ.എ., ആർ.എൻ.എ. എന്നിവയുടെ മുൻഗാമികളായി കരുതുന്ന നൈട്രജൻ ഹെറ്ററോസൈക്കിളുകൾ ഉൾപ്പെടുന്നു. കൂടാതെ, സൗരയൂഥത്തിന്റെ തുടക്കകാലത്ത് ജീവന്റെ അടിസ്ഥാന ഘടകങ്ങൾ എത്തിച്ചതായി കരുതുന്ന ഉൽക്കകളിൽ സാധാരണ കാണുന്ന ബെൻസോതയോഫീൻ എന്ന സംയുക്തവും കണ്ടെത്തിയിട്ടുണ്ട്.
ഈ തന്മാത്രകൾ ജൈവപ്രക്രിയയിലൂടെ രൂപപ്പെട്ടതാണോ, അല്ലെങ്കിൽ ഭൂമിശാസ്ത്രപരമായ മാറ്റങ്ങളിലൂടെ ഉണ്ടായതാണോ എന്നത് ഇപ്പോഴും വ്യക്തമല്ലെന്ന് നാസ അറിയിച്ചു. എന്നിരുന്നാലും, പുരാതന ചൊവ്വയിൽ ജീവന് അനുയോജ്യമായ രാസ സാഹചര്യങ്ങൾ ഉണ്ടായിരുന്നുവെന്ന സൂചനയായി ഈ കണ്ടെത്തൽ വിലയിരുത്തപ്പെടുന്നു.
റോവറിലെ ‘സാംപിൾ അനാലിസിസ് അറ്റ് മാഴ്സ്’ (SAM) എന്ന മിനി ലാബിൽ ടെട്രാമെഥൈൽ അമോണിയം ഹൈഡ്രോക്സൈഡ് (TMAH) ഉപയോഗിച്ചുള്ള ‘വെറ്റ് കെമിസ്ട്രി’ പരിശോധനകളിലൂടെയാണ് ഈ സങ്കീർണ്ണ തന്മാത്രകൾ തിരിച്ചറിഞ്ഞത്. കഠിനമായ കാലാവസ്ഥയിലും ശക്തമായ കിരണ വികിരണത്തിലും കോടിക്കണക്കിന് വർഷങ്ങളായി ഈ ജൈവ ഘടകങ്ങൾ നിലനിന്നത് ശാസ്ത്രലോകത്തിന് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.
ഭാവിയിലെ ചൊവ്വാ ദൗത്യങ്ങൾക്കും മറ്റ് ഗ്രഹപരിശോധനകൾക്കും ഈ കണ്ടെത്തൽ പുതിയ വഴികൾ തുറക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. പഠനത്തിന്റെ വിശദാംശങ്ങൾ ‘നേച്ചർ കമ്മ്യൂണിക്കേഷൻസ്’ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.




