കോഴിക്കോട്: മാമ്പിലാട് പ്രദേശത്ത് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര കുയിമ്പിൽ സ്വദേശിനിയായ ശരണ്യ (30)യും കുറ്റ്യാടി കള്ളാട് സ്വദേശിയായ അജേഷ് (32) മാണ് മരിച്ചത്. ആളൊഴിഞ്ഞ പറമ്പിലെ കശുമാവിൽ ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ശരണ്യ പുതിയ വീട് വൃത്തിയാക്കാനെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും തിരികെ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പേരാമ്പ്ര പോലീസിൽ പരാതി നൽകി.
പോലീസ് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മാമ്പിലാട് സ്ഥലത്ത് ഇവരെ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. വിവാഹിതയായ ശരണ്യയ്ക്ക് രണ്ട് മക്കളുണ്ട്. അജേഷ് അവിവാഹിതനാണ്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു.




