കോഴിക്കോട്: 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ അഞ്ചാം ദിനത്തിലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ ഓവറോൾ പോയിന്റ് പട്ടികയിൽ തിരുവനന്തപുരം ജില്ല ഒന്നാം സ്ഥാനത്ത്. 2004.3 പോയിന്റുമായാണ് തിരുവനന്തപുരം കുതിപ്പ് തുടരുന്നത്. 951.3 പോയിന്റുമായി തൃശൂർ രണ്ടാം സ്ഥാനത്തും 887.3 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനത്തുമാണ്. കണ്ണൂർ, കോഴിക്കോട് ജില്ലകളും തുടർന്നുള്ള സ്ഥാനങ്ങൾക്കായി ശക്തമായ പോരാട്ടത്തിലാണ്.
അത്‌ലറ്റിക്സിൽ 168.333 പോയിന്റുമായി മലപ്പുറം ജില്ലയാണ് മുന്നിൽ. 128.5 പോയിന്റുമായി പാലക്കാട് രണ്ടാമതും 88 പോയിന്റുമായി തിരുവനന്തപുരം മൂന്നാമതുമുണ്ട്. 76 പോയിന്റുമായി ആലപ്പുഴയും 62 പോയിന്റുമായി ആതിഥേയരായ കോഴിക്കോടും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
സ്കൂൾ തലത്തിലുള്ള അത്‌ലറ്റിക്സ് മത്സരങ്ങളിൽ 71.333 പോയിന്റുമായി മലപ്പുറം കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ് ഒന്നാം സ്ഥാനത്താണ്. വി.എം.എച്ച്.എസ്.എസ് വടവന്നൂർ, കെ.എച്ച്.എം.എച്ച്.എസ് അലത്തിയൂർ എന്നീ സ്കൂളുകളും മികച്ച പ്രകടനവുമായി തൊട്ടുപിന്നിലുണ്ട്.
അഞ്ച് ദിനങ്ങളിൽ അഞ്ച് മീറ്റ് റെക്കോർഡുകൾ
ഈ വർഷത്തെ കായികമേളയുടെ ആദ്യ അഞ്ച് ദിനങ്ങൾ പിന്നിടുമ്പോൾ അഞ്ച് മീറ്റ് റെക്കോർഡുകളാണ് പിറന്നത്. അഞ്ചാം ദിനത്തിലെ മത്സരങ്ങൾ അവസാനിക്കാനിരിക്കെയാണ് അഞ്ചാമത്തെ റെക്കോർഡ് പിറന്നത്.
400 മീറ്റർ ജൂനിയർ വിഭാഗം ഹർഡിൽസിൽ ജി.വി. രാജ സ്പോർട്സ് സ്കൂളിലെ ശ്രീഹരി കരിക്കനാണ് പുതിയ മീറ്റ് റെക്കോർഡ് സ്ഥാപിച്ചത്. 52.44 സെക്കൻഡിൽ ഫിനിഷ് ചെയ്ത താരം 2025ൽ സ്വന്തം പേരിലുണ്ടായിരുന്ന റെക്കോർഡാണ് തിരുത്തിയത്.
സീനിയർ ഗേൾസ് 100 മീറ്റർ ഹർഡിൽസിൽ ആലപ്പുഴയുടെ അനാമിക അജേഷ് 13.69 സെക്കൻഡിൽ ഫിനിഷ് ചെയ്ത് റെക്കോർഡ് സ്വന്തമാക്കി. 2018ൽ അപർണ റോയ് സ്ഥാപിച്ച 13.85 സെക്കൻഡിന്റെ റെക്കോർഡാണ് മറികടന്നത്.
ജൂനിയർ ബോയ്സ് ലോങ് ജംപിൽ കോട്ടയത്തിന്റെ വിഷ്ണു യാദവ് 7.31 മീറ്റർ ചാടി പുതിയ റെക്കോർഡ് കുറിച്ചു. 2017ൽ കെ.എം. ശ്രീകാന്ത് സ്ഥാപിച്ച 7.05 മീറ്ററിന്റെ റെക്കോർഡാണ് താരം തിരുത്തിയത്.
സീനിയർ ബോയ്സ് 100 മീറ്ററിൽ ആലപ്പുഴയുടെ അതുൽ ടി.എം 10.63 സെക്കൻഡിൽ ഫിനിഷ് ചെയ്ത് പുതിയ മീറ്റ് റെക്കോർഡ് സ്ഥാപിച്ചു. 2011ൽ ജിജിൻ വിജയൻ കുറിച്ച 10.70 സെക്കൻഡിന്റെ റെക്കോർഡാണ് പഴങ്കഥയായത്.
ജൂനിയർ 400 മീറ്റർ ഓട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ ശ്രീഹരി കരിക്കൻ 47.84 സെക്കൻഡിൽ ഫിനിഷ് ചെയ്ത് റെക്കോർഡ് നേട്ടം സ്വന്തമാക്കി. 2017ൽ അഭിഷേക് മാത്യു സ്ഥാപിച്ച 48.88 സെക്കൻഡിന്റെ റെക്കോർഡാണ് മറികടന്നത്.
സ്വർണക്കപ്പിനായി ജില്ലകൾ തമ്മിൽ പോരാട്ടം
മുഖ്യമന്ത്രിയുടെ 117.5 പവൻ തൂക്കമുള്ള സ്വർണക്കപ്പ് സ്വന്തമാക്കുകയെന്ന ലക്ഷ്യവുമായി 14 ജില്ലകളിൽനിന്നും ഗൾഫ് നാടുകളിൽനിന്നുമായി ആയിരക്കണക്കിന് കായികതാരങ്ങളാണ് മേളയിൽ മാറ്റുരയ്ക്കുന്നത്.
വ്യക്തിഗത മികവുകൾക്കൊപ്പം ജില്ലകൾ തമ്മിലുള്ള പോയിന്റ് പോരാട്ടവും ഓരോ ദിനവും മേളയുടെ ആവേശം വർധിപ്പിക്കുകയാണ്. മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഓവറോൾ ചാമ്പ്യൻഷിപ്പിൽ ആര് കിരീടം നേടുമെന്ന ആകാംക്ഷയിലാണ് കായികപ്രേമികൾ.




