തിരുവനന്തപുരം: സംസ്ഥാനത്തെ ബോർഡ്, കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങളിലേക്കുള്ള ആദ്യഘട്ട പട്ടിക മുസ്‌ലിം ലീഗ് മുഖ്യമന്ത്രിക്ക് കൈമാറി. മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിനെ സ്റ്റീൽ ഇൻഡസ്ട്രിയൽ കേരള ലിമിറ്റഡ് ചെയർമാനായി നിയമിക്കാനാണ് ശുപാർശ. വിവിധ സ്ഥാപനങ്ങളിലേക്കുള്ള ചെയർമാൻ സ്ഥാനങ്ങളിൽ പാർട്ടി നേതാക്കളെ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
സിഡ്‌കോ ചെയർമാനായി സി.പി. സൈദലവിയുടെ പേരാണ് നിർദേശിച്ചിരിക്കുന്നത്. വനിതാ വികസന കോർപ്പറേഷൻ അധ്യക്ഷയായി സുഹ്റ മമ്പാടിനെയും യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മയിൽ വയനാടിനെ കെ.എസ്.എം.ഡി.എഫ്.സി ചെയർമാനായും പരിഗണിക്കുന്നു.
കെൽ ചെയർമാൻ സ്ഥാനത്തേക്ക് ടി.എം. സലീമിന്റെ പേരാണ് മുസ്‌ലിം ലീഗ് ശുപാർശ ചെയ്തിരിക്കുന്നത്. പി.എസ്.സി അംഗത്വം രണ്ടര വർഷം വീതമുള്ള ടേണുകളായി വിഭജിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആദ്യ ടേമിൽ ഷാഫി ചാലിയത്തെ അംഗമാക്കാനാണ് ധാരണ.
ബോർഡ്, കോർപ്പറേഷൻ നിയമനങ്ങളിൽ കൂടുതൽ പ്രാതിനിധ്യം വേണമെന്ന ആവശ്യവുമായി കോൺഗ്രസും രംഗത്തുണ്ട്. നിയമസഭയിലെ എം.എൽ.എമാരുടെ എണ്ണവും രാഷ്ട്രീയ പ്രാതിനിധ്യവും ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് കൂടുതൽ സ്ഥാനങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്.
നിയമനങ്ങൾ സംബന്ധിച്ച് കെ.പി.സി.സി മാനദണ്ഡങ്ങളും തയ്യാറാക്കിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചവരെ പരിഗണിക്കേണ്ടെന്നാണ് തീരുമാനം. മുൻ ജനപ്രതിനിധികളെയും ഒഴിവാക്കിയേക്കും. കെ.പി.സി.സി ഭാരവാഹികൾക്കും ഡി.സി.സി അധ്യക്ഷന്മാർക്കും നിയമനങ്ങളിൽ പ്രഥമ പരിഗണന നൽകാനാണ് സാധ്യത.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിൽ വിവിധ ഘടകകക്ഷികളുമായി ചർച്ചകൾ തുടരുകയാണ്. അന്തിമ തീരുമാനത്തിന് ശേഷമായിരിക്കും നിയമനങ്ങളിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക.
അതേസമയം, പി.വി. അൻവറിന് കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം നൽകില്ലെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ബേപ്പൂരിൽ രാഷ്ട്രീയ പരീക്ഷണത്തിനിറങ്ങിയപ്പോൾ നൽകിയ ഉറപ്പ് പാലിക്കപ്പെടാത്തതായാണ് പുറത്തുവരുന്ന വിവരം.
കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം കോൺഗ്രസിന് തന്നെ നൽകാനാണ് നീക്കമെന്നാണ് സൂചന. എന്നാൽ, ഈ പദവി വേണമെന്ന ആവശ്യം പി.വി. അൻവർ വീണ്ടും ഉന്നയിച്ചിട്ടുണ്ട്. മുന്നണിയിൽ അർഹമായ പരിഗണന നൽകണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബോർഡ്-കോർപ്പറേഷൻ നിയമനങ്ങളെച്ചൊല്ലി മുന്നണിക്കുള്ളിൽ ചർച്ചകൾ തുടരുന്നതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ നീക്കങ്ങൾക്കും സാധ്യതയുണ്ട്.



