റായ്പൂർ: ഛത്തീസ്ഗഢിലെ വേദാന്ത പവർ പ്ലാന്റിൽ ഉണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 24 ആയി ഉയർന്നു. റായ്ഗഡ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഝാർഖണ്ഡ് സ്വദേശിയാണ് അപകടം നടന്ന് ആറാം ദിവസം മരണത്തിന് കീഴടങ്ങിയത്. വിവിധ ആശുപത്രികളിലായി ഇപ്പോഴും ഒരു നിരവധി പേർ ചികിത്സയിലാണ്. ഇതിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
ശനിയാഴ്ച മാത്രം രണ്ട് തൊഴിലാളികൾ മരിച്ചിരുന്നു. റായ്ഗഡ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി സുബ്രത കുമാർ ജനയും, റായ്പൂരിലെ കൽഡ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഝാർഖണ്ഡ് സ്വദേശി ഉപേന്ദ്ര സാഹയുമാണ് മരിച്ചത്. ഇരുവർക്കും 90 ശതമാനത്തിലധികം പൊള്ളലേറ്റതായും അധികൃതർ വ്യക്തമാക്കി.
ഏപ്രിൽ 14ന് സിംഗിതരായ് ഗ്രാമത്തിലെ വേദാന്ത പവർ പ്ലാന്റിലാണ് സ്ഫോടനം ഉണ്ടായത്. ബോയിലറിൽ നിന്ന് ടർബൈനിലേക്ക് നീരാവി കൊണ്ടുപോകുന്ന ഉയർന്ന മർദ്ദത്തിലുള്ള സ്റ്റീൽ ട്യൂബ് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്. സംഭവസ്ഥലത്ത് തന്നെ നാല് തൊഴിലാളികൾ മരിച്ചിരുന്നു. തുടർന്ന് ഏപ്രിൽ 15ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഏഴ് പേർ കൂടി മരിച്ചു. അതോടെ മരണസംഖ്യ തുടർച്ചയായി ഉയർന്നുകൊണ്ടിരിക്കുകയാണ്.
പശ്ചിമ ബംഗാൾ, ഝാർഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ വൻ സുരക്ഷാ വീഴ്ചയും അശ്രദ്ധയും ഉണ്ടായതായി കണ്ടെത്തിയതിനെ തുടർന്ന് കമ്പനി ചെയർമാൻ അനിൽ അഗർവാൾ ഉൾപ്പെടെ എട്ടു മുതൽ പത്ത് പേർ വരെ പ്രതികളാക്കി കേസെടുത്തിട്ടുണ്ട്. മനഃപൂർവ്വമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.






