തിയറ്ററില്‍ സര്‍പ്രൈസ് ഹിറ്റും പിന്നാലെ ഒടിടിയിലും വൻ പ്രതികരവുമായി സംഭവമായി മാറിയിരിക്കുകയാണ് സംഭവം അധ്യായം ഒന്ന്. ജിത്തു സതീശൻ മംഗലത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച മിസ്റ്ററി ഫാന്‍റസി ത്രില്ലര്‍ ചിത്രമാണ് സംഭവം അധ്യായം ഒന്ന്. പൊതുവെ വലിയ സ്റ്റാർ വാല്യൂ ഉള്ള സിനിമ അല്ലെങ്കിൽ പോലും പ്രേക്ഷകർക്കിടയിൽ വലിയ പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. ചിത്രത്തിന്‍റെ ട്രെയിലർ പോലും വൻ സ്വീകാരിത നേടിയിരുന്നു.
വനമേഖലയില്‍ കേസ് അന്വേഷിക്കാനെത്തുന്ന ഒരു സംഘം പൊലീസുകാരും. ഒപ്പം നിഗൂഢതകള്‍ പേറുന്ന ഒരു വനവും. കാട്ടിനുള്ളിൽ പലരുടെയും തിരോധാനവും അതിന് പിന്നിലെ നടക്കുന്ന ദുരൂഹതകളുമാണ് ചിത്രത്തിന്റെ പ്രമേയം. കേരള- തമിഴ്നാട് അതിര്‍ത്തിയിലുള്ള ഒരു വനപ്രദേശത്താണ് ചിത്രത്തിൻ്റെ കഥ പൂർണ്ണമായും നടക്കുന്നത്. അതുകൊണ്ടുതന്നെ പല കഥാപാത്രങ്ങളും ചിത്രത്തിൽ തമിഴ് സംസാരിക്കുന്നുണ്ട്. തിയറ്ററിൽ ഹിറ്റായ സിനിമ ജിയോ ഹോട്‍സ്റ്റാറിലൂടെയാണ് സ്‍ട്രീം ചെയ്യുന്നത്.
അസ്‌കർ അലിയാണ് സിനിമയിലെ നായകൻ. ഒപ്പം, വിനീത് കുമാർ, സിദ്ധാർത്ഥ് ഭരതന്‍, അസീം ജമാൽ, സെന്തിൽ കൃഷ്‍ണ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. തിയറ്ററിൽ ഹിറ്റായ സിനിമ ഒടിടിയിലും സംഭവമായി തന്നെ മുന്നേറുകയാണ്. എടവണ്ണപ്പാറ, പാലക്കാട്, തിരുവനന്തപുരം, വൈക്കം, വെള്ളൂർ എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായത്. ഹൊറർ, ത്രില്ലിംഗ് എലമെന്‍റുകളാണ് ചിത്രത്തിൽ ഉടനീളവും. ചിത്രം സംഭവം അധ്യായം ഒന്ന് ആയതുകൊണ്ടുതന്നെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.






