കണ്ണൂര്‍: മുൻമന്ത്രി വീണാ ജോർജിനെതിരായ കരിങ്കൊടി പ്രതിഷേധത്തിനിടെ കെഎസ്‌യു പ്രവർത്തകർ ആക്രമണം നടത്തിയിട്ടില്ലെന്ന് അന്വേഷണസംഘത്തിന്റെ റിപ്പോർട്ട്. വീണാ ജോർജും ഗൺമാനും സംഭവം പെരുപ്പിച്ച് കാണിച്ചെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. സംഭവത്തിൽ ക്രിമിനൽ നടപടികൾക്ക് ശുപാർശയില്ല. വ്യാജ മൊഴി നൽകിയ ഗൺമാനെതിരെ ഡിജിപിയുടെ വിവേചനാധികാരം ഉപയോഗിച്ച് നടപടിയെടുക്കാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കരിങ്കൊടി പ്രതിഷേധം മാത്രമാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്നതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. കെഎസ്‌യു പ്രവർത്തകർക്ക് മന്ത്രിയുടെ അടുത്തെത്താൻ പോലും കഴിഞ്ഞിരുന്നില്ല. മന്ത്രിക്ക് നേരെ കരിങ്കൊടിയുമായി എത്തിയ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടയിൽ വീണാ ജോർജും പെട്ടു. തുടർന്നാണ് കഴുത്തിന് വേദന അനുഭവപ്പെട്ടത്. എന്നാൽ സംഭവത്തിന് ശേഷം മന്ത്രി മൂന്നാം പ്ലാറ്റ്‌ഫോമിലേക്ക് നടന്നുപോയെന്നും റിപ്പോർട്ടിലുണ്ട്.
സംഭവത്തിൽ തൊണ്ടിമുതലായി കണ്ടെത്താനായത് കരിങ്കൊടി മാത്രമാണ്. ആക്രമണത്തിന് ഉപയോഗിച്ചെന്ന് പറയുന്ന ആയുധങ്ങളും കണ്ടെത്താനായിട്ടില്ല. വീണാ ജോർജിനെ ചികിത്സിച്ച പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഡോക്ടർമാരിൽ നിന്നും അന്വേഷണസംഘം മൊഴിയെടുത്തിരുന്നു. കെഎസ്‌യു പ്രവർത്തകർക്കെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്താൻ നിർദേശം നൽകിയത് ആരാണെന്ന് കണ്ടെത്താനും എസ്‌ഐടിക്ക് കഴിഞ്ഞിട്ടില്ല. ശനിയാഴ്ച ഉച്ചയോടെയാണ് അന്വേഷണസംഘം ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. കെഎപി നാലാം ബറ്റാലിയൻ കമാൻഡന്റ് യു. പ്രേമന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് തുടരന്വേഷണം നടത്തിയത്.
മുൻ സർക്കാരിന്റെ കാലത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച കേസാണിത്. ആഭ്യന്തരവകുപ്പിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചായിരുന്നു അന്വേഷണം. കണ്ണൂർ എംഎൽഎ ടി.ഒ. മോഹനൻ നൽകിയ പരാതിയെത്തുടർന്നായിരുന്നു നടപടി. കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയതിന് പിന്നിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്നായിരുന്നു കെഎസ്‌യുവിന്റെ ആരോപണം. ഈ ആരോപണങ്ങളും അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെട്ടിരുന്നു.
ഈ വർഷം ഫെബ്രുവരി 25നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ അന്നത്തെ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് പേർക്കെതിരെയായിരുന്നു കേസ്. ആദ്യഘട്ടത്തിൽ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയെങ്കിലും പിന്നീട് ഇവ ഒഴിവാക്കി. മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചെന്നായിരുന്നു ആദ്യ മൊഴി. എന്നാൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച അന്വേഷണത്തിൽ മാരകായുധങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തി. പിന്നാലെ മന്ത്രിയുടെ ഗൺമാൻ മൊഴി മാറ്റിയതും കേസിൽ നിർണായകമായി.




