തിരുവനന്തപുരം: വാഹനങ്ങളിൽ നിയമവിരുദ്ധമായ രൂപമാറ്റം വരുത്തുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി ട്രാൻസ്പോർട്ട് കമ്മീഷണർ. മുൻകൂർ അനുമതിയില്ലാതെ വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്താൻ പാടില്ലെന്ന് പുതിയ ഉത്തരവിൽ വ്യക്തമാക്കി. രൂപമാറ്റം വരുത്തുന്നതിന് മുമ്പ് ആർടിഒയുടെ അനുമതി നേടണമെന്നും വരുത്തുന്ന മാറ്റങ്ങൾ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തണമെന്നും നിർദേശമുണ്ട്.
മുൻകൂർ അനുമതിയോടെ ഏഴ് തരത്തിലുള്ള മാറ്റങ്ങൾ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. നിരോധിത നിറങ്ങൾ ഒഴികെ വാഹനത്തിന്റെ നിറം മാറ്റാം. അതേ നിർമാതാവിന്റെ സമാന ശേഷിയുള്ള പുതിയ എൻജിൻ വാഹനത്തിൽ ഘടിപ്പിക്കാനും അനുമതിയുണ്ട്. എന്നാൽ മറ്റൊരു വാഹനത്തിൽ നിന്നുള്ള എൻജിൻ മാറ്റിവയ്ക്കുന്ന എഞ്ചിൻ സ്വാപ്പിങ് അനുവദിക്കില്ല.
സമാന മോഡലിലുള്ള പുതിയ ഷാസി ഉപയോഗിക്കാം. എന്നാൽ മറ്റൊരു വാഹനത്തിന്റെ ഷാസി ഘടിപ്പിക്കാൻ അനുമതിയില്ല. അംഗീകൃത കിറ്റുകൾ ഉപയോഗിച്ച് ഇന്ധന സംവിധാനം മാറ്റുന്നതിനും പ്രൊപ്പൽഷൻ സിസ്റ്റം കൺവേർഷനും അനുമതിയുണ്ടാകും.
ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ വാഹനങ്ങളിൽ ആവശ്യമായ രൂപമാറ്റങ്ങൾ വരുത്താനും അനുമതിയുണ്ട്. ഇത്തരം മാറ്റങ്ങൾ വാഹന നിർമാതാക്കൾ, അംഗീകൃത ഡീലർമാർ, സർക്കാർ അംഗീകൃത വർക്ക്‌ഷോപ്പുകൾ എന്നിവ മുഖേന മാത്രമേ നടത്താവൂ എന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
മുൻകൂർ അനുമതിയില്ലാതെ വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്തിയാൽ മോട്ടോർ വാഹന നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ മുന്നറിയിപ്പ് നൽകി. ട്രാൻസ്പോർട്ട് കമ്മീഷണർ ജി. സ്പർജൻ കുമാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം, നേരത്തെ നിലവിലുണ്ടായിരുന്ന വ്യവസ്ഥകൾ തന്നെയാണ് പുതിയ ഉത്തരവിലും പ്രധാനമായും ആവർത്തിച്ചിരിക്കുന്നതെന്നാണ് മോഡിഫിക്കേഷൻ പ്രേമികളുടെ പരാതി. വാഹന മോഡിഫിക്കേഷന് അനുമതി നൽകുമെന്ന് മുഖ്യമന്ത്രി നേരത്തെ നടത്തിയ പരാമർശം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
എന്നാൽ കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾക്ക് മുകളിലായി കൂടുതൽ ഇളവുകൾ അനുവദിക്കുന്നില്ലെന്നാണ് പുതിയ ഉത്തരവിലൂടെ വ്യക്തമാകുന്നത്. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനായി പ്രത്യേക പരിശോധനാ ഡ്രൈവ് നടത്തുമെന്ന സൂചനയും നൽകിയിട്ടുണ്ട്.
ഇതോടെ നിയമവിരുദ്ധ മോഡിഫിക്കേഷനുകൾക്കെതിരെ വരും ദിവസങ്ങളിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കുമെന്നാണ് വിവരം.




