തൃശ്ശൂർ: വലപ്പാട് എടമുട്ടത്ത് വാഹനപരിശോധനയ്ക്കിടെ വനിതാ എസ്‌ഐയുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. നാട്ടിക പള്ളം ബീച്ച് സ്വദേശി ഉണ്ണിയാരം പുരയ്ക്കൽ കൈലാസൻ (38) ആണ് വലപ്പാട് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 8.15ഓടെയാണ് സംഭവം. എടമുട്ടം–കഴിമ്പ്രം റോഡിൽ വലപ്പാട് എസ്‌ഐ മൗഷ്മിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനപരിശോധന നടത്തുകയായിരുന്നു.
അമിതവേഗത്തിലും അശ്രദ്ധമായും ബൈക്കിൽ എത്തിയ കൈലാസനോട് വാഹനം നിർത്താൻ എസ്‌ഐ കൈകാണിച്ചു. എന്നാൽ വാഹനം നിർത്താതെ എസ്‌ഐയുടെ കൈ ബലമായി തട്ടിമാറ്റി ഇയാൾ ബൈക്കിൽ വേഗത്തിൽ കടന്നുപോയെന്നാണ് പൊലീസ് പറയുന്നത്.
പൊലീസ് ഉദ്യോഗസ്ഥയുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനാണ് കൈലാസനെ അറസ്റ്റ് ചെയ്തത്. വലപ്പാട് പൊലീസ് സ്റ്റേഷനിൽ രണ്ട് വധശ്രമ കേസുകളും ഒരു അടിപിടി കേസും ഉൾപ്പെടെ മൂന്ന് കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. വലപ്പാട് സിഐ പത്മരാജനും ജിഎഎസ്‌ഐ പ്രജീഷും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



