തിരുവനന്തപുരം: തർക്കത്തിനിടെ അമ്മയെ അരിവാൾ കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചെന്ന കേസിൽ സൈനികൻ അറസ്റ്റിൽ. വെള്ളനാട് നാലുമുക്ക് ശ്യാമ ഭവനിൽ ശിവപ്രസാദ് (37) ആണ് ആര്യനാട് പൊലീസിന്റെ പിടിയിലായത്.
അമ്മ ഇന്ദിരകുമാരിയെ (60) അരിവാൾ കൊണ്ട് വെട്ടുകയും വടി കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തെന്നാണ് പരാതി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇന്ദിരകുമാരിയെ ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
പഞ്ചാബിൽ ജോലി ചെയ്യുന്ന ശിവപ്രസാദ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ശിവപ്രസാദും അമ്മയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. സംഭവസമയത്ത് ശിവപ്രസാദ് മദ്യലഹരിയിലായിരുന്നെന്നാണ് വിവരം. അക്രമാസക്തനായ ഇയാളെ സ്ഥലത്തെത്തിയ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രി ശിവപ്രസാദ് അയൽവാസിയുടെ വീട്ടിലെത്തി ബഹളം വച്ചതായും വളർത്തുനായയെ അടിച്ചുകൊന്നതായും ആരോപിച്ച് വീട്ടുകാർ ആര്യനാട് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അമ്മയെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ശിവപ്രസാദിനെതിരെ മുമ്പും സമാനമായ പരാതികളും കേസുകളും ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. അമ്മയെ ആക്രമിച്ച കേസിലും വീട്ടിൽ അതിക്രമിച്ച് കയറി വളർത്തുനായയെ അടിച്ചുകൊന്നെന്ന പരാതിയിലുമാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്




