ആലപ്പുഴ: കായംകുളത്തെ തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ പൊട്ടിത്തെറി. തോൽവിയിൽ നേതൃത്വത്തിനെതിരെ വിമർശനവുമായി ലോക്കൽ കമ്മിറ്റി അംഗങ്ങളും, ബ്രാഞ്ച് മെമ്പർമാരും രംഗത്തെത്തി. പ്രതിഭയുടെ തോൽവി വർഷങ്ങളായി നേതാക്കൾ ‘കാത്തുവച്ച പ്രതികാരം’ആണ്. പ്രതിഭയെ തോൽപ്പിക്കാൻ ഒരു വിഭാഗം സിപിഎം നേതാക്കൾ ശ്രമിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ള നേതാക്കളുടെ പേര് പറഞ്ഞാണ് സമൂഹമാധ്യമങ്ങളിലെ വിമർശനം. ബോർഡുകൾ, പോസ്റ്ററുകൾ പതിച്ചില്ല, അനൗൺസ്മെൻ്റ് വാഹനങ്ങൾ എത്തിയില്ലെന്നും ഫെയ്സ്ബുക്ക് പോസ്റ്റ്.
തോൽവിക്ക് പിന്നാലെ അതൃപ്‌തി പരസ്യമാക്കി എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന യു. പ്രതിഭയും രംഗത്തെത്തി. വെള്ളാപ്പള്ളി നടേശൻ തനിക്കെതിരെ പ്രവർത്തിച്ചെന്നും എസ്എൻഡിപി വോട്ടുകളിൽ ചോർച്ച ഉണ്ടായെന്നും പ്രതിഭ ആരോപിച്ചു. പാർട്ടി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞത് അമ്പരപ്പ് ഉണ്ടാക്കിയെന്നും കഴിഞ്ഞ തവണത്തേത് പോലെ പ്രവർത്തനം ഊർജസ്വലമായിരുന്നില്ലെന്നും പ്രതിഭ.
എന്നാൽ, പ്രതിഭയുടെ ആരോപണം സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ നിഷേധിച്ചു. പ്രതിഭ തോറ്റ് കഴിഞ്ഞ് പറയുന്നത് അസംബന്ധമാണെന്നും സഖാക്കൾ കായംകുളത്ത് നല്ല രീതിയിൽ പണിയെടുത്തുവെന്നും നാസർ പറഞ്ഞു. തോറ്റു കഴിയുമ്പോൾ എന്തും പറയാമെന്നാണോ. ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്ത് പോയപ്പോഴും പ്രതിഭ തന്നെയല്ലേ എംഎൽഎ. അപ്പോൾ എന്താണ് സംഭവിച്ചത്. ഈഴവ വോട്ടുകൾ സാധാരണഗതിയിൽ പ്രതിഭക്ക് കിട്ടിയിട്ടുണ്ട്. ഈ പ്രാവശ്യം എന്തുകൊണ്ട് വോട്ട് കിട്ടിയിതോൽവി വിശദമായി പരിശോധിച്ച് തെറ്റുകൾ തിരുത്തും. പാർട്ടിയുടെ ഭാഗത്ത് പിഴവുകൾ ഉണ്ടായിട്ടുണ്ടോയെന്ന് നോക്കും. ജനകീയ പ്രശ്‌നങ്ങളിൽ ഇടപെടുന്നതിൽ പോരായ്മ ഉണ്ടോ എന്ന് വസ്തുതാപരമായി പരിശോധിക്കും. പാർട്ടി വോട്ടുകൾ ചോർന്നു. എൽഡിഎഫിന് ചെയ്തുവെന്നും ചെയ്യുമെന്നും പറഞ്ഞവരുടെ വോട്ട് കിട്ടിയില്ല. ഇതുപോലൊരു സാഹചര്യം മുമ്പുണ്ടായിട്ടില്ലെന്നും നാസർ.
ഇത്തവണ 15572 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർഥി എം. ലിജു മണ്ഡലം പിടിച്ചത്. യു. പ്രതിഭയ്ക്ക് 61079 വോട്ടുകളും നേടി. 6,298 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു 2021ൽ യു. പ്രതിഭ വിജയിച്ചത്.



