കൊച്ചി: മൂവാറ്റുപുഴയിലെ ഒരു കാർ ഷോറൂമിലെ പഞ്ചിങ് ബോക്സിനുള്ളിൽ മലമ്പാമ്പിനെ കണ്ടെത്തി. മൂവാറ്റുപുഴ കടാതിയിലെ ഷോറൂമിൽ രാവിലെ ജോലിക്ക് എത്തിയ ജീവനക്കാരാണ് പഞ്ച് ചെയ്യാനെത്തിയപ്പോൾ മെഷീനിനോട് ചേർന്ന് പാമ്പ് കിടക്കുന്നത് കണ്ടത്. ഇതോടെ ഭയന്ന ജീവനക്കാർ പഞ്ചിങ് ചെയ്യാതെ പിൻവാങ്ങി.
തുടർന്ന് സർപ്പ വൊളന്റിയർമാരെ വിളിച്ച് എത്തിച്ചതിനുശേഷമാണ് പാമ്പിനെ നീക്കം ചെയ്തത്. പിന്നാലെ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. തലേ ദിവസം ജോലി അവസാനിപ്പിച്ച് പോകുമ്പോൾ പാമ്പ് ഉണ്ടായിരുന്നില്ലെന്നും, രാത്രിയിലാകാം പഞ്ചിങ് ബോക്സിനുള്ളിലേക്ക് കയറിയതെന്നും ജീവനക്കാർ പറഞ്ഞു. കണ്ടെത്തിയത് മലമ്പാമ്പിന്റെ കുഞ്ഞാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഷെയ്ഖ് മുഹ്യുദ്ദീന്റെ നേതൃത്വത്തിലുള്ള സർപ്പസംഘമാണ് പാമ്പിനെ പിടികൂടിയത്.
അതേസമയം, തൃശ്ശൂരിൽ മതിലകം കൂളിമുട്ടത്ത് മറ്റൊരു പാമ്പ് പിടിത്തവും നടന്നു. കൂളിമുട്ടം എമ്മാട് കാട്ടുപറമ്പിൽ സിദ്ധീഖിന്റെ വീടിന്റെ അടുക്കളയിൽ നിന്നാണ് പുല്ലാനി മൂർഖനെ പിടികൂടിയത്. ഇന്നലെ രാത്രിയിലാണ് പാമ്പ് വീടിനുള്ളിൽ കയറിയത്. അടുക്കളയിൽ നിന്ന് ശബ്ദം കേട്ട് വീട്ടമ്മ എത്തുമ്പോഴാണ് പാമ്പിനെ കണ്ടത്.
വിവരം അറിയിച്ചതിനെ തുടർന്ന് ചാലക്കുടി ഫോറസ്റ്റിന് കീഴിലുള്ള ആർആർടി അംഗം അൻസാരി സ്ഥലത്തെത്തി മൂർഖനെ പിടികൂടി. ഏകദേശം അഞ്ചടി നീളമുള്ള പാമ്പിനെ ഫോറസ്റ്റ് അധികൃതർക്ക് കൈമാറുമെന്ന് അറിയിച്ചു.




