ഇസ്ലാമാബാദ്: അറബിക്കടലിൽ യന്ത്രത്തകരാറിനെ തുടർന്ന് കുടുങ്ങിയ ഇന്ത്യൻ കപ്പലിന് സഹായവുമായി പാകിസ്താൻ നാവികസേന രംഗത്ത്. ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് വരികയായിരുന്ന എംവി ഗൗതം എന്ന കപ്പലാണ് കടലിൽ സാങ്കേതിക തകരാറിനെ തുടർന്ന് നിർത്തിയിടേണ്ടിവന്നത്. തുടർന്ന് മുംബൈയിലെ മാരിടൈം റെസ്ക്യൂ ആൻഡ് കോർഡിനേഷൻ സെന്റർ ഇസ്ലാമാബാദിലെ അധികൃതരുമായി ബന്ധപ്പെട്ടു സഹായം അഭ്യർത്ഥിച്ചു. ഇതിനെ തുടർന്നാണ് പാകിസ്താൻ നാവികസേന രക്ഷാപ്രവർത്തനം ആരംഭിച്ചത്.
രക്ഷാദൗത്യത്തിനായി പാകിസ്താൻ നാവികസേനയുടെ കപ്പലായ പിഎൻഎസ് കാശ്മീർ ആണ് നിയോഗിച്ചത്. കൂടാതെ പാകിസ്താൻ മാരിടൈം സെക്യൂരിറ്റി ഏജൻസിയും ദൗത്യത്തിൽ പങ്കെടുത്തു. കപ്പലിൽ ആകെ ഏഴ് ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ആറു പേർ ഇന്ത്യക്കാരും ഒരാൾ ഇന്തോനേഷ്യക്കാരനും ആണ്.
കുടുങ്ങിക്കിടന്ന ജീവനക്കാർക്ക് ഭക്ഷണം, മരുന്ന് ഉൾപ്പെടെയുള്ള അടിയന്തര സഹായങ്ങൾ നൽകിയതായി റിപ്പോർട്ട് പറയുന്നു. കൂടാതെ കപ്പലിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ നാവികസേന സഹായം നൽകിയതായും വിവരം ലഭിച്ചു. കടലിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായുള്ള രക്ഷാദൗത്യം വിജയകരമായി പൂർത്തിയായതായി പാകിസ്താൻ നാവികസേന അറിയിച്ചു.






