കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉണ്ടായ കനത്ത തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുൻ എംപിയും ഇടത് സഹയാത്രികനുമായ അഡ്വ. സെബാസ്റ്റ്യൻ പോൾ രംഗത്ത്. ഈ തോൽവി പിണറായി വിജയനെതിരായ ജനവിധിയാണെന്ന് അദ്ദേഹം വിമർശിച്ചു.
പിണറായി വിജയന്റെ ഭരണരീതി ഏകാധിപത്യ സ്വഭാവത്തിലായിരുന്നുവെന്നും, അദ്ദേഹത്തിന്റെ ഭാഷയും സമീപനവും ഒരു ജനാധിപത്യ ഭരണാധികാരിക്ക് യോജിച്ചതല്ലെന്നും സെബാസ്റ്റ്യൻ പോൾ ആരോപിച്ചു. ഇത്തവണത്തെ തെരഞ്ഞെടുപ്പ് വ്യക്തിപരമായ നേതൃത്വത്തിന് വേണ്ടിയുള്ളതായിരുന്നുവെന്നും, എൽഡിഎഫിന് വേണ്ടി അല്ലെന്നും അദ്ദേഹം പറഞ്ഞു.
തുടർഭരണം എന്നത് ജനാധിപത്യത്തിന്റെ സങ്കൽപമല്ലെന്നും, ആരാലും ചോദ്യം ചെയ്യപ്പെടരുത് എന്ന നിലപാടിലാണ് മുഖ്യമന്ത്രി പ്രവർത്തിച്ചതെന്നും അദ്ദേഹം വിമർശിച്ചു. ഈ തോൽവിക്ക് പ്രധാന ഉത്തരവാദി പിണറായി വിജയൻ തന്നെയാണെന്നും സെബാസ്റ്റ്യൻ പോൾ വ്യക്തമാക്കി.
കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കേണ്ടതായിരുന്നുവെന്നും, ഇപ്പോൾ പാർട്ടി സെക്രട്ടറി പോലും ഉണ്ടോ എന്ന് സംശയിക്കേണ്ട സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന് വിമർശനങ്ങൾ സഹിക്കാൻ കഴിയില്ലെന്നും, തന്റെ പാർലമെന്ററി പ്രവർത്തനം പോലും അദ്ദേഹം തടഞ്ഞുവെന്നുമുള്ള ആരോപണവും സെബാസ്റ്റ്യൻ പോൾ ഉന്നയിച്ചു.




