കോട്ടയം: ആരു മുഖ്യമന്ത്രിയായാലും തങ്ങള്‍ക്ക് പ്രശ്നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എന്‍എസ്എസിന് പ്രത്യേക ചോയ്സൊന്നുമില്ല. മാറ്റത്തിനായി ജനം വോട്ടു ചെയ്തു. അത് യുഡിഎഫിന്റെ മാത്രം വിജയമല്ല, ജനാധിപത്യത്തിന്റെ വിജയമാണ്. ജനങ്ങള്‍ വോട്ടു ചെയ്ത് അധികാരത്തില്‍ വന്ന സര്‍ക്കാരിന്, ജനങ്ങളോടുള്ള സമീപനം എന്താണെന്ന് അറിയേണ്ടതുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ശബരിമല വിഷയം മുതല്‍ നടന്ന കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് വളരെ ആശങ്കയുണ്ടായിരുന്നു. കോണ്‍ഗ്രസിന് ഇങ്ങനെയൊരു ഭൂരിപക്ഷം കിട്ടിയത് ജനങ്ങള്‍ സഹകരിച്ചിട്ടാണ്, അല്ലാതെ മുഴുവന്‍ കോണ്‍ഗ്രസുകാരാണ് വോട്ടു ചെയ്തതെന്ന് ആരും ധരിക്കേണ്ട. കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തിച്ചില്ല എന്നൊന്നും പറയുന്നില്ലെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.




