പ്രയാഗ്‌രാജ്: വീട്ടിൽ നിന്ന് പുറത്താക്കി ഒളിവിൽ കഴിഞ്ഞിരുന്ന ഭർത്താവിനെ പിടികൂടാൻ ഇൻസ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ട് ഉപയോഗിച്ച് കെണിയൊരുക്കി യുവതി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശിനിയായ സോണി ത്രിപാഠിയാണ് ഭർത്താവ് പ്രഭുദത്തിനെ നാടകീയമായി പൊലീസിന് കൈമാറിയത്.
നാല് വർഷം മുമ്പ് സോണിയെ വീട്ടിൽ നിന്ന് പുറത്താക്കിയ ശേഷം പൊലീസിനെ വെട്ടിച്ച് നടന്നിരുന്ന പ്രഭുദത്തിനെ പിടികൂടാൻ യുവതി സോഷ്യൽ മീഡിയ വഴിയാണ് പദ്ധതി ആസൂത്രണം ചെയ്തത്. ഇൻസ്റ്റഗ്രാമിൽ വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച് ഇയാളുമായി പരിചയം സ്ഥാപിച്ച സോണി, തന്റെ യഥാർത്ഥ വ്യക്തിത്വം മറച്ചുവെച്ചു. പിന്നീട് വിവാഹ വാഗ്ദാനം നൽകി ഇയാളെ വിശ്വസിപ്പിക്കുകയും ചെയ്തു.
മെയ് 2-ന് പ്രയാഗ്‌രാജിന് സമീപമുള്ള ഒരു ക്ഷേത്രത്തിൽ കാണാമെന്ന് പറഞ്ഞ് സോണി പ്രഭുദത്തിനെ വിളിച്ചു വരുത്തി. സ്ഥലത്തെത്തിയപ്പോൾ സോണി മുഖാവരണം നീക്കിയതോടെ സംഭവത്തിന്റെ യാഥാർത്ഥ്യം ഇയാൾ തിരിച്ചറിഞ്ഞു. ഇതോടെ ഇയാൾ സോണിയെ മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
എന്നാൽ മുൻകൂട്ടി തയ്യാറെടുത്തിരുന്ന സോണിയുടെ ബന്ധുക്കൾ സമീപത്ത് തന്നെ ഒളിച്ചുനിന്ന് പ്രഭുദത്തിനെ പിടികൂടി പൊലീസിന് കൈമാറി. യുവതിയെ മർദിച്ചതിനും വധഭീഷണി മുഴക്കിയതിനും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.




