ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതികൾ സമർപ്പിച്ച നുണപരിശോധനാ ഹർജി കോടതി തള്ളി. പോളിഗ്രാഫ്, ബ്രെയിൻ മാപ്പിംഗ് പരിശോധനകൾക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് മൂന്ന് പ്രതികൾ നൽകിയ ഹർജിയാണ് ദില്ലി ഫാസ്റ്റ് ട്രാക്ക് കോടതി തള്ളിയത്.
അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ദേശീയ പരീക്ഷാ ഏജൻസിയുടെ (എൻടിഎ) ആഭ്യന്തര സംവിധാനങ്ങളിൽ വീഴ്ച സംഭവിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. എൻടിഎയിലെ മുതിർന്ന കെമിസ്ട്രി വിഷയ വിദഗ്ധൻ സ്വകാര്യ കോച്ചിങ് ക്ലാസുകൾ നടത്തിയിരുന്നതായും വ്യക്തമായി. ഇക്കാര്യം താൻ അന്വേഷിച്ചിരുന്നതായി എൻടിഎ നീറ്റ് ഡയറക്ടർ മൊഴി നൽകി.
കേസുമായി ബന്ധപ്പെട്ട് 18 എൻടിഎ ഉദ്യോഗസ്ഥരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കേരളത്തിൽ പഠിക്കുന്ന രണ്ട് രാജസ്ഥാൻ സ്വദേശികൾ ഉൾപ്പെടെ 360 പേരാണ് കേസിലെ സാക്ഷികൾ.




