ഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്തിട്ടില്ലെന്ന് ആര്‍ജെഡി. പാര്‍ട്ടിയിലെ 9 എംപിമാരും ഒറ്റക്കെട്ടായാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തതെന്ന് തേജസ്വി യാദവ് വ്യക്തമാക്കി. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി എംപിമാരടക്കം ക്രോസ് വോട്ട് ചെയ്‌തെന്ന് ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് തേജസ്വി യാദവിന്റെ പ്രതികരണം. അതേസമയം, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടിംഗ് നടന്നതില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. ആംആദ്മി പാര്‍ട്ടിയിലെയും ഡിഎംകെയിലെയും എംപിമാരെ കൂടാതെ മഹാരാഷ്ട്രയിലെ ചില കോണ്‍ഗ്രസ് എംപിമാരും കൂറുമാറി വോട്ട് ചെയ്‌തെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 324 വോട്ടുകളാണ് ഇന്ത്യ സഖ്യം പ്രതീക്ഷിച്ചത്. വോട്ടെണ്ണലിന് തൊട്ട് മുന്‍പ് വരെ 315 വോട്ടുകളെങ്കിലും കിട്ടുമെന്ന് നേതാക്കള്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ബി. സുദര്‍ശന്‍ റെഡ്ഡിക്ക് കിട്ടിയത് മുന്നൂറ് വോട്ടുകള്‍ മാത്രമാണ്. ഇത് കോണ്‍ഗ്രസ് ക്യാമ്പിലടക്കം വലിയ ഞെട്ടലായി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും പ്രചാരണത്തിലും അസാധാരണ ഐക്യം ദൃശ്യമായിട്ടും ഇത് വോട്ടാകാത്തതിനെ വളരെ ഗൗരവത്തോടെയാണ് നേതൃത്വം കാണുന്നത്. ചില ചെറിയ പാര്‍ട്ടികളെ കേന്ദ്ര സര്‍ക്കാര്‍ സ്വാധീനിച്ചുവെന്നും, ചില എംപിമാര്‍ ബാലറ്റ് മനപ്പൂര്‍വം അസാധുവാക്കിയെന്നും നേതാക്കള്‍ സംശയിക്കുന്നു. ആംആദ്മി പാര്‍ട്ടിയിലെയും ഡിഎംകെയിലെയും ചിലര്‍ കൂറു മാറി വോട്ട് ചെയ്‌തെന്ന് ഉന്നത വൃത്തങ്ങള്‍ സൂചന നല്‍കി. എഎപി എംപി സ്വാതി മലിവാര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുമെന്ന് നേരത്തെ പറഞ്ഞിരുന്നു. മഹാരാഷ്ട്രയിലെ മൂന്നോ നാലോ കോണ്‍ഗ്രസ് എംപിമാരും കൂറുമാറി വോട്ട് ചെയ്തതായി നേതാക്കള്‍ വിലയിരുത്തുന്നു.




