തിരുവനന്തപുരം: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആദ്യ കുറ്റപത്രം തയ്യാറായി. കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടർ അംഗീകാരം നൽകിയതായും ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചതായും അധികൃതർ വ്യക്തമാക്കി. കുറ്റപത്രം ഇതുവരെ കോടതിയിൽ സമർപ്പിക്കാത്തതിനെതിരെ ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിച്ചതോടെയാണ് നടപടികൾ വേഗത്തിലായത്.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഹൈക്കോടതി നേരത്തെയും രൂക്ഷ വിമർശനം നടത്തിയിരുന്നു. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് മൂന്ന് ആഴ്ചയ്ക്കകം സമർപ്പിക്കാത്ത പക്ഷം എസ്.പി. എസ്. ശശിധരനെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റുമെന്ന് സിംഗിൾ ബെഞ്ച് മുന്നറിയിപ്പ് നൽകിയിരുന്നു.
2014-ൽ വയനാട് യൂണിയന് 10 ലക്ഷം രൂപ നൽകിയതുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലാണ് ആദ്യ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കേസിൽ ആറ് പ്രതികളാണുള്ളത്. വെള്ളാപ്പള്ളി നടേശൻ, എം.എൻ. സോമൻ, വയനാട് എസ്.എൻ.ഡി.പി യൂണിയൻ ഭാരവാഹികൾ, ഉദ്യോഗസ്ഥർ എന്നിവരും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയിരിക്കുന്നതിനാൽ കുറ്റപത്രം സമർപ്പിക്കുന്നതിന് സർക്കാർ പ്രോസിക്യൂഷൻ അനുമതി ആവശ്യമാണ്.
2016-ൽ വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയെത്തുടർന്നാണ് കേസിൽ അന്വേഷണം ആരംഭിച്ചത്. പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്ന് സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതികൾ ഉപയോഗിച്ച് വായ്പ നേടിയെന്നതാണ് പ്രധാന ആരോപണം.
ആകെ 124 ഇടപാടുകളാണ് അന്വേഷണ പരിധിയിലുള്ളത്. ഓരോ ഇടപാടിലും പ്രത്യേകം കുറ്റപത്രം തയ്യാറാക്കേണ്ടതുണ്ട്. കുറഞ്ഞ പലിശനിരക്കിൽ പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്ന് ലഭിച്ച വായ്പകൾ എസ്.എൻ.ഡി.പി യൂണിയനുകൾ വഴി ഉയർന്ന പലിശയ്ക്ക് വിതരണം ചെയ്തെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.






