തമിഴ്നാട്: ഭൂമി സംബന്ധമായ രേഖകൾ ലഭിക്കാൻ അപേക്ഷ നൽകിയ കർഷകനോട് മീൻകറിയും ഊണും കൈക്കൂലിയായി ആവശ്യപ്പെട്ട വില്ലേജ് ഓഫീസറെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. തമിഴ്നാട്ടിലെ കരൂർ കൃഷ്ണനാരായണപുരം ദേവർമല വില്ലേജ് ഓഫീസർ കാർത്തിക്കിനെതിരെയാണ് നടപടി.
കൃഷിഭൂമിയുടെ പട്ടയം ലഭിക്കുന്നതിനായി കർഷകൻ വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയപ്പോഴായിരുന്നു സംഭവം. അപേക്ഷയിൽ വേഗത്തിൽ നടപടിയെടുത്ത് പട്ടയം അനുവദിക്കണമെങ്കിൽ വീട്ടിൽ പാകം ചെയ്ത മീൻകറിയും ഊണും എത്തിച്ചുനൽകണമെന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടെന്നാണ് പരാതി.
വീട്ടിൽ പാകം ചെയ്ത ഭക്ഷണം നൽകാൻ കഴിയില്ലെങ്കിൽ സമീപത്തെ കടയിൽനിന്ന് മീൻകറി വാങ്ങി എത്തിച്ചാലും രേഖകൾ ശരിയാക്കി നൽകാമെന്നും ഉദ്യോഗസ്ഥൻ കർഷകനോട് പറഞ്ഞതായി പരാതിയിൽ വ്യക്തമാക്കുന്നു.
ഉദ്യോഗസ്ഥന്റെ ആവശ്യം കർഷകൻ ഫോണിൽ റെക്കോർഡ് ചെയ്ത് മുതിർന്ന ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക പരിശോധനയ്ക്ക് പിന്നാലെയാണ് വില്ലേജ് ഓഫീസർ കാർത്തിക്കിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്.












