ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ നടപടികൾ ശക്തമാക്കി സുപ്രീം കോടതി. ഡൽഹി മിന്റോ റോഡിലെ എൻ.ടി.എയുടെ പുതിയ ഓഫീസ് സുപ്രീം കോടതി ജഡ്ജിമാർ നേരിട്ട് സന്ദർശിച്ച് പരിശോധന നടത്തും. എൻ.ടി.എയുടെ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോ എന്നത് കോടതി വിലയിരുത്തും.
ജസ്റ്റിസ് നരസിംഹ, ജസ്റ്റിസ് അലോക് അരാധെ എന്നിവരാണ് എൻ.ടി.എ ഓഫീസ് സന്ദർശിക്കുക. എൻ.ടി.എയുടെ പ്രവർത്തനങ്ങളിൽ സുപ്രീം കോടതി ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി.
നന്ദൻ നിലേകനി സമിതിയുടെ ശുപാർശകളിൽ വിശദീകരണം നൽകാനും കോടതി നിർദേശിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സത്യവാങ്മൂലം സമർപ്പിക്കണമെന്നും രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നും കോടതി ഉത്തരവിട്ടു.
താൽക്കാലിക നടപടികൾ മാത്രം മതിയാകില്ലെന്നും പരീക്ഷാ നടത്തിപ്പിൽ സ്ഥിരമായ പരിഹാരങ്ങൾ ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.
എൻ.ടി.എ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. വിഷയത്തിൽ കേന്ദ്ര സർക്കാരിനും സി.ബി.ഐക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് മൂന്ന് ആഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.


