ഇംഫാൽ: മണിപ്പൂരിൽ സംഘർഷം വ്യാപിക്കുന്നതിനിടെ ഫലപ്രദമായ ഇടപെടലുകൾ നടത്താനാകാതെ സർക്കാരെന്ന് വിമർശനം. നേരത്തെ മെയ്തെയ്, കുക്കി വിഭാഗങ്ങൾക്കിടയിൽ നിലനിന്നിരുന്ന സംഘർഷം ഇപ്പോൾ നാഗ വിഭാഗങ്ങൾ ഉൾപ്പെടുന്ന മേഖലകളിലേക്കും വ്യാപിച്ചിരിക്കുകയാണ്. നാഗ, കുക്കി വിഭാഗങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിലാണ് ഇത്തവണ സംഘർഷം രൂക്ഷമായത്.
പ്രശ്നപരിഹാരത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടതും ക്രമേണ നിസ്സംഗത പുലർത്തിയതുമാണ് കൂടുതൽ ഗോത്രവിഭാഗങ്ങൾ സംഘർഷത്തിലേക്ക് വലിച്ചിഴക്കപ്പെടാൻ കാരണമെന്ന വിമർശനമുണ്ട്. കാംജോങ്, ഉഖ്രുൽ, കാങ്പോക്പി ജില്ലകളിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നിരവധി കൊലപാതക സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിനിടെ മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിങ് സമാധാനത്തിന് ആഹ്വാനം ചെയ്തു.
നാഗ ഭൂരിപക്ഷ മേഖലയായ കാംജോങ് ജില്ലയിലാണ് സംഘർഷം ആരംഭിച്ചത്. ജില്ലയിലെ കുക്കി സ്വാധീന മേഖലയിലുള്ള ചസ്സാദ് ഗ്രാമത്തിൽ വെള്ളിയാഴ്ച അജ്ഞാതരുടെ വെടിയേറ്റ് യുവതി കൊല്ലപ്പെട്ടു. ഇതോടെ കുക്കി, നാഗ സായുധ വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ശനിയാഴ്ച രാവിലെ വരെ വെടിവെപ്പ് തുടർന്നു. ഇതിനിടെ 42കാരൻ കൊല്ലപ്പെടുകയും പത്ത് വീടുകൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തു.
സംഘർഷം സമീപ ജില്ലകളിലേക്കും ഗ്രാമങ്ങളിലേക്കും വ്യാപിച്ചു. കാങ്പോക്പി ജില്ലയിലെ താപോൻ, മക ഗ്രാമങ്ങളിൽ തീവ്രവാദികളെന്ന് സംശയിക്കുന്നവർ നടത്തിയ ആക്രമണത്തിൽ രണ്ട് ഗ്രാമകാവൽക്കാരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. 52കാരനെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവവും റിപ്പോർട്ട് ചെയ്തു.
നാഗ തങ്കൂൽ വിഭാഗം താമസിക്കുന്ന മ്യാൻമർ അതിർത്തിക്ക് സമീപമുള്ള ങ്ചൗവിലും തോക്കുധാരികളായ അക്രമികൾ വെടിവെപ്പ് നടത്തി. സംഭവത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഉഖ്രുൽ ജില്ലയിൽ ചെപു യാവോലെൻ ഗ്രാമത്തിന് സമീപം കാറിന് നേരെ തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ 40കാരനും കൊല്ലപ്പെട്ടു.
മണിപ്പൂരിലെ സംഘർഷങ്ങളിൽ ഇതുവരെ 300ലധികം പേർ കൊല്ലപ്പെടുകയും 49 പേരെ കാണാതാവുകയും ചെയ്തതായാണ് റിപ്പോർട്ട്. ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരായിട്ടുണ്ട്. 35 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള സംസ്ഥാനത്ത് വിവിധ ഗോത്രവിഭാഗങ്ങൾക്കിടയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്നത് ആശങ്ക ഉയർത്തുന്നു. ബി.ജെ.പി സർക്കാർ ഭിന്നിപ്പിക്കൽ രാഷ്ട്രീയം പ്രയോഗിച്ച് വിവിധ വിഭാഗങ്ങളെ തമ്മിൽ അകറ്റിയെന്ന രാഷ്ട്രീയ വിമർശനവും ഉയരുന്നുണ്ട്.




