തിരുവനന്തപുരം: യുഡിഎഫ് പ്രവേശനത്തിനായി വിഷ്ണുപുരം ചന്ദ്രശേഖരന് ചര്‍ച്ച നടത്തി വഞ്ചിച്ചെന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസ്സ് നേതൃത്വം. ഇനി യുഡിഎഫിന്റെ ഭാഗമാകാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന് താത്പര്യം പ്രകടിപ്പിച്ചാലും മുന്നണിയുടെ ഭാഗമാക്കില്ലെന്നും നേതൃത്വം.
എന്‍ഡിഎയില്‍ കൂടുതല്‍ പരിഗണന കിട്ടാനായി വിലപേശല്‍ നാടകം നടത്തുകയായിരുന്നു ചന്ദ്രശേഖരനെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നത്.
നിലവില്‍ എന്‍ഡിഎ ഉപാധ്യക്ഷനാണ് വിഷ്ണുപുരം ചന്ദ്രശേഖരന്. ഇദ്ദേഹത്തിന്റെ വിഎസ്ഡിപി പാര്‍ട്ടിയെ യുഡിഎഫ് അസോസിയേറ്റ് ഘടകകക്ഷിയാക്കുന്നതായാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഡി സതീശന് പ്രഖ്യാപിച്ചത്.
ഈ പ്രഖ്യാപനം തള്ളിയ ചന്ദ്രശേഖരന്, ഇങ്ങനെയൊരു ആവശ്യം താന്‍ മുന്നോട്ട് വച്ചിട്ടില്ലെന്നും അതിനായി ആര്‍ക്കും കത്ത് നല്‍കിയിട്ടില്ലെന്നും പറഞ്ഞിരുന്നു. തന്റെ അപേക്ഷ പുറത്തുവിടാന്‍ യുഡിഎഫ് നേതാക്കള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതോടെ കോണ്‍ഗ്രസ് – യുഡിഎഫ് നേതാക്കള്‍ പ്രതിരോധത്തിലായിരുന്നു.
എന്നാല്‍ തങ്ങള്‍ എന്‍ഡിഎയില്‍ അതൃപ്തരാണെന്ന് പറഞ്ഞ അദ്ദേഹം, ബിജെപി അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ വന്ന ശേഷം മെച്ചപ്പെട്ട പരിഗണനയുണ്ടെന്നും പറഞ്ഞിരുന്നു. അതൃപ്തിയുണ്ടെന്ന് നേതാക്കളോട് പറഞ്ഞതുകൊണ്ട് ചാടിപ്പോവുകയാണെന്ന് കരുതരുത്. എന്‍ഡിഎ സമീപനം തിരുത്തണം. അടുത്ത എന്‍ഡിഎ യോഗത്തില്‍ അഭിപ്രായം പറയുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു






