തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വാണിജ്യ പ്രവർത്തനങ്ങളിൽ നിർണായക ചുവടുവെപ്പായി ആദ്യ ഇറക്കുമതി കണ്ടെയ്‌നർ ഇന്ന് തുറമുഖത്തെത്തും. ചൈനയിൽനിന്ന് പിവിസി ഫോമുകളുമായി എത്തുന്ന എംഎസ്സി സബ്രീനയാണ് വിഴിഞ്ഞത്ത് നങ്കൂരമിടുന്നത്. നവംബർ മൂന്നിന് കപ്പലിന് ഔദ്യോഗിക സ്വീകരണം നൽകും.
എക്‌സിം പ്രവർത്തനങ്ങൾ ആരംഭിച്ച് രണ്ട് മാസത്തോളമാകുമ്പോഴാണ് തുറമുഖത്ത് ആദ്യ ഇറക്കുമതി കണ്ടെയ്‌നർ എത്തുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയെത്തുടർന്നാണ് കണ്ടെയ്‌നർ കൈകാര്യം ചെയ്യുന്നതിൽ കാലതാമസമുണ്ടായത്. പുതിയ നീക്കത്തോടെ വിഴിഞ്ഞത്തെ എക്‌സിം പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ ഓഗസ്റ്റിലാണ് വിഴിഞ്ഞം തുറമുഖം വഴിയുള്ള ആദ്യ കയറ്റുമതിക്ക് തുടക്കമായത്. തിരുവനന്തപുരം നിലമേൽ എക്‌സ്‌പോർട്‌സിന്റെ ഒരു കണ്ടെയ്‌നർ ഭക്ഷ്യ ഉത്പന്നങ്ങളുമായി സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക് അയച്ചിരുന്നു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന വാട്ടർലൈൻ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്‌സ് കമ്പനിയും ആസ്പിൻ വോൾ ഷിപ്പിങ് കമ്പനിയും ചേർന്നാണ് കയറ്റുമതിയുമായി ബന്ധപ്പെട്ട ഏകോപന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
ആദ്യ ഇറക്കുമതി കണ്ടെയ്‌നർ എത്തുന്നതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ വാണിജ്യ പ്രവർത്തനങ്ങൾക്ക് പുതിയ മാനം കൈവരും. കയറ്റുമതിക്കൊപ്പം ഇറക്കുമതിയും സജീവമാകുന്നതോടെ അന്താരാഷ്ട്ര സമുദ്രവ്യാപാര രംഗത്ത് കേരളത്തിന്റെ സാന്നിധ്യം കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ.
ഇന്ന് വൈകുന്നേരത്തോടെ കപ്പൽ വിഴിഞ്ഞത്ത് എത്തുമെന്നാണ് പ്രതീക്ഷ. കണ്ടെയ്‌നർ ഇറക്കൽ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ ചരിത്രത്തിൽ മറ്റൊരു സുപ്രധാന അധ്യായം കൂടി എഴുതപ്പെടും.


