തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ജനനായകൻ വി എസ് അച്യുതാനന്ദന്റെ ഓർമ്മ എന്നും ജന മനസ്സിനെ പിടിച്ചുലയ്ക്കുന്നതാണ്. അദ്ദേഹത്തിന്റെ വിയിഗം നികത്താനാവാത്ത വിടവ് തന്നെയാണ് എന്ന് വേണം പറയാൻ. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി എന്നും നിലകൊണ്ട സി പി ഐ എമ്മിന്റെ സമര നായകന്റെ ഓർമയ്ക്കായി ‘വി എസ് സെന്റർ’ പണിക്കഴപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി ബജറ്റിൽ 20 കോടി രൂപ മാറ്റി വച്ചു. കെ എൻ ബാലഗോപാൽ ആണ് ബജറ്റ് അവതരണത്തിൽ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം വി എസിനു മരണാന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകാൻ തീരുമാനിച്ചിരുന്നു.
ആലപ്പുഴ പുന്നപ്ര വെന്തലത്തറ ശങ്കരന്റെയും അക്കമ്മയുടെയും മകനായിട്ടായിരുന്നു വി എസിന്റെ ജനനം. കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കളെ നഷ്ടമായ വി എസിന് ഏഴാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച് ജോലിയ്ക്കായി ഇറങ്ങേണ്ടി വന്നു. പി കൃഷ്ണപിള്ളയിലൂടെ പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് എത്തിയ വി എസ്, ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലും ആലപ്പുഴ ജില്ലയിലെ കര്‍ഷകത്തൊഴിലാളികളുടെ അവകാശ സമരത്തിലും സജീവ സാന്നിധ്യം ആയിരുന്നു.






