കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പുനഃസംഘടനയിൽ എല്ലാ മുസ്ലിം സംഘടനകൾക്കും പ്രാതിനിധ്യം നൽകിയിട്ടുണ്ടെന്നും വഖഫ് ബോർഡിൽ അവസരം ലഭിക്കാത്തവരെ ഹജ്ജ് കമ്മിറ്റി, മദ്രസ ക്ഷേമനിധി ബോർഡ് തുടങ്ങിയ സമിതികളിൽ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഖഫ് ബോർഡിൽ എല്ലാ മുസ്ലിം സംഘടനകൾക്കും പ്രാതിനിധ്യം നൽകിയിട്ടുണ്ട്. ബോർഡിൽ അവസരം ലഭിക്കാത്തവരെ വരാനിരിക്കുന്ന ഹജ്ജ് കമ്മിറ്റി, മദ്രസ ക്ഷേമനിധി ബോർഡ് ഉൾപ്പെടെയുള്ള സമിതികളിൽ പരിഗണിക്കുമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.
സമസ്തയിൽനിന്ന് ആരെയും വഖഫ് ബോർഡിലേക്ക് പരിഗണിച്ചില്ലെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. സമസ്തയിൽനിന്നുള്ള രണ്ട് പ്രതിനിധികൾ വഖഫ് ബോർഡിലുണ്ടെന്നാണ് സാദിഖലി തങ്ങൾ പറഞ്ഞത്. ബോർഡ് ചെയർമാൻ എം.സി. മായിൻ ഹാജിയും മുസ്തഫൽ ഫൈസിയുമാണ് ഇവർ. മുസ്തഫൽ ഫൈസി സമസ്തയിൽനിന്നുള്ള ആളാണെങ്കിലും സംഘടനാപരമായ ബന്ധമുണ്ടാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
സമസ്ത മുശാവറയിൽനിന്ന് പുറത്താക്കപ്പെട്ടയാളാണ് മുസ്തഫൽ ഫൈസിയെന്ന കാര്യം മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ, വഖഫ് ബോർഡിൽ അംഗത്വം ലഭിക്കാൻ മുശാവറ അംഗത്വം ആവശ്യമില്ലെന്നായിരുന്നു സാദിഖലി തങ്ങളുടെ മറുപടി. മുസ്തഫൽ ഫൈസിയെ വഖഫ് ബോർഡിലേക്ക് പരിഗണിച്ചതിൽ ഇ.കെ. വിഭാഗത്തിന് എതിർപ്പുണ്ടാകുന്നത് സ്വാഭാവികമല്ലേയെന്ന ചോദ്യത്തിന്, അദ്ദേഹം ഇ.കെ. വിഭാഗത്തിൽനിന്നുള്ള ആളായതിനാലാണ് അവരുടെ നോമിനിയായി പരിഗണിച്ചതെന്ന് തങ്ങൾ പറഞ്ഞു. പണ്ഡിതനാണെന്ന കാര്യവും നിയമനത്തിന് പരിഗണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന നിരവധി സ്ഥാപനങ്ങളുള്ള സാഹചര്യത്തിൽ, അവയുമായി ബന്ധപ്പെട്ടവർക്ക് വഖഫ് ബോർഡിൽ അംഗത്വം നൽകാതെ മറ്റു സമിതികളിൽ പരിഗണിച്ചിട്ട് കാര്യമുണ്ടോ എന്ന ചോദ്യത്തിനും സാദിഖലി തങ്ങൾ പ്രതികരിച്ചു. വഖഫ് ബോർഡ് പക്ഷപാതപരമായി പ്രവർത്തിക്കില്ലെന്നും എല്ലാ സ്ഥാപനങ്ങളുടെയും പ്രശ്നങ്ങൾ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബോർഡിന്റെ പ്രവർത്തനങ്ങളിൽ ആരും വിഭാഗീയത കലർത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള സംഘടനകൾക്ക് പരിഗണന ലഭിച്ചിട്ടും സുന്നി സംഘടനകൾക്ക് പ്രാതിനിധ്യമില്ലെന്ന എ.പി. വിഭാഗത്തിന്റെ പരാതിയിലും അദ്ദേഹം വിശദീകരണം നൽകി. ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. സുന്നിയുടെ പ്രതിനിധിയാണെന്നും ആ പ്രാതിനിധ്യത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
നിലവിൽ പരാതികളുമായി ആരും തങ്ങളെ സമീപിച്ചിട്ടില്ലെന്നും വിവിധ വിഭാഗങ്ങളുമായി കൂടിയാലോചനകൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം.സി. മായിൻ ഹാജിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു.



