കൊച്ചി: വഖഫ് ബോർഡിലെ പുതിയ അംഗങ്ങൾക്കെല്ലാം നോട്ടീസ് അയച്ച് ഹൈക്കോടതി. വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ സർക്കാരിന് അധികാരമുണ്ടോയെന്നും കോടതി ചോദിച്ചു. പുനഃസംഘടനയ്ക്ക് സർക്കാരിന് അധികാരമുണ്ടെന്നായിരുന്നു അഡ്വക്കേറ്റ് ജനറലിന്റെ മറുപടി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിയിലെ തുടർനടപടികൾ മാറ്റിവെച്ചിരിക്കുകയാണ്.
വഖഫ് ബോർഡിലെ പ്രാതിനിധ്യത്തെച്ചൊല്ലി കാന്തപുരം വിഭാഗവും സർക്കാരും തമ്മിലുള്ള തർക്കം പരിഹരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിൽ സമവായ നീക്കം നടന്നിരുന്നു. മുഖ്യമന്ത്രിയുടെ സമവായ ഫോർമുല പ്രകാരം തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി വഖഫ് ബോർഡ് അംഗത്വം ഒഴിയുകയും പകരം കാന്തപുരം വിഭാഗത്തിൽനിന്നുള്ള പ്രതിനിധിയെ ഉൾപ്പെടുത്തുകയും ചെയ്യും.
ഇതിന്റെ ഭാഗമായി കാന്തപുരം വിഭാഗത്തിന്റെ കൈവശമുള്ള ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഒഴിയുകയും പകരം തൊടിയൂരിനെ ചെയർമാനാക്കുകയും ചെയ്യാനാണ് ധാരണ. എന്നാൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഒഴിയുന്നതിൽ കാന്തപുരം വിഭാഗത്തിന് അതൃപ്തിയുണ്ടെന്നാണ് വിവരം.
നേരത്തെ, വഖഫ് ബോർഡ് പുനഃസംഘടനയെ ചോദ്യം ചെയ്ത് മുൻ ചെയർമാൻ കെ.എസ്. ഹംസ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നു. എന്നാൽ സർക്കാരിന്റെ പുനഃസംഘടനാ തീരുമാനം അടിയന്തരമായി സ്റ്റേ ചെയ്യാൻ സിംഗിൾ ബെഞ്ച് വിസമ്മതിച്ചു. തുടർന്ന് ഹർജി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു.
ഇതിനെ ചോദ്യം ചെയ്താണ് കെ.എസ്. ഹംസ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കാൻ സിംഗിൾ ബെഞ്ചിന് അധികാരമുണ്ടെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.




