കോഴിക്കോട്: ഉരുക്കുകോട്ടകളായി സി.പി.എം വിശേഷിപ്പിച്ചിരുന്ന പല പഞ്ചായത്തുകളിലും അടിപതറി വീണതിന്റെ ഞെട്ടലിലാണ് നേതാക്കളും പ്രവർത്തകരും. തോൽവിയെ കുറിച്ച് വ്യക്തമായ വിശദീകരണം നൽകാൻ ജില്ലയിലെ എൽ.ഡി.എഫ്– സി.പി.എം നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.
ജില്ലയിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിൽ യു.ഡി.എഫ് മുന്നേറ്റം നേടിയതെന്ന വസ്തുത എൽ.ഡി.എഫിന് വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്. 2021ൽ 11 സീറ്റുകളിൽ വ്യക്തമായ മേൽക്കോയ്മ പുലർത്തിയിരുന്ന എൽ.ഡി.എഫിന്, തദ്ദേശ തെരഞ്ഞെടുപ്പ് ഫലമനുസരിച്ച് അഞ്ച് മണ്ഡലങ്ങളിൽ മാത്രമാണ് മുൻതൂക്കം നിലനിർത്താനായത്. അവിടങ്ങളിലും നേരിയ ഭൂരിപക്ഷത്തിനാണ് ഇടത് മുന്നണി കടന്നുകൂടിയത്.
ഏത് രാഷ്ട്രീയ തരംഗത്തിലും ഇളകാതിരുന്ന ‘കോട്ട’കളാണ് യു.ഡി.എഫ് മുന്നേറ്റത്തിൽ നിലംപരിശായത്. ജില്ലയിൽ 42 പഞ്ചായത്തുകളിലാണ് യു.ഡി.എഫ് വിജയം നേടിയത്; എൽ.ഡി.എഫിന്റെ വിജയം 24ൽ ഒതുങ്ങി. 1995 മുതൽ ഇടതുമുന്നണിയുടെ കൈവശമായിരുന്ന ജില്ലാ പഞ്ചായത്ത് കൈവിട്ടതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ജില്ലാ നേതൃത്വത്തിനും ഒഴിഞ്ഞുമാറാനാവില്ല. വാർഡ് വിഭജനത്തോടെ നില കൂടുതൽ ഭദ്രമാകുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ തിരഞ്ഞെടുപ്പ് പ്രവർത്തനം പാതിവഴി പിന്നിട്ടപ്പോൾ പുതിയ ഡിവിഷനുകളിലെ രാഷ്ട്രീയ മാറ്റം ചില നേതാക്കൾ തിരിച്ചറിഞ്ഞെങ്കിലും അപ്പോഴേക്കും വൈകിപ്പോയിരുന്നു.
ഇടതുമുന്നണിക്ക് അനുകൂലമായി വിഭജിച്ച പഞ്ചായത്ത് വാർഡുകൾ കൂട്ടിച്ചേർത്ത് ഡിവിഷനുകൾ പുനഃക്രമീകരിച്ചതാണ് ഫലത്തിൽ എൽ.ഡി.എഫിന് എതിരായി മാറിയത്. വാർഡ് പുനർവിഭജനത്തിന് നേതൃത്വം നൽകിയ ജില്ലാ നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് ഡിവിഷനുകളിലെ യു.ഡി.എഫിന്റെ വൻ വിജയം. തെരഞ്ഞെടുപ്പിൽ സി.പി.എം ജില്ലാ കമ്മിറ്റിയിലെ ഏകോപനമില്ലായ്മയും ശക്തമായി ചർച്ചയാകുന്നു. സി.പി. മുസാഫർ അഹമ്മദിന്റെ വാർഡിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന് ചുമതല നൽകിയിട്ടും ജയിക്കാൻ കഴിയാതെ പോയത് വലിയ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. മലയോര മേഖലയിലെ സി.പി.എം ശക്തികേന്ദ്രങ്ങളിൽ ഉണ്ടായ തോൽവികളുടെ കാരണം അന്വേഷിക്കുകയാണ് നേതൃത്വം.






