കീവ്: രണ്ടു മാസത്തെ കാലതാമസത്തിനു ശേഷം ധാതുകരാറില്‍ ഔദ്യോഗികമായി ഒപ്പ് വെച്ച് യുഎസും യുക്രൈയ്‌നും. സെലന്‍സ്‌കി ഭരണകൂടത്തിനുള്ള സൈനിക സഹായം നിര്‍ത്തലാക്കിയതിനു പിന്നാലെ യുഎസ് മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ ഒടുവില്‍ യുക്രൈയ്‌ന് അംഗീകരിക്കേണ്ടി വന്നിരിക്കുകയാണ്. യുക്രൈയ്‌നോടുള്ള യുഎസിന്റെ പ്രതിബദ്ധത ഇനി മുതല്‍ പുതിയ രൂപത്തിലായിരിക്കുമെന്നാണ് കരാറിനെ കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്.
നേരത്തെ വൈറ്റ് ഹൗസില്‍ വച്ച് ധാതു കരാറില്‍ ഒപ്പുവയ്ക്കാന്‍ എത്തിയ യുക്രൈയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കി, ട്രംപുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് തീരുമാനത്തില്‍നിന്ന് പിന്‍തിരിയുകയായിരുന്നു. യുക്രൈയ്‌ന്റെ ആകെ ധാതുസമ്പത്തിന്റെ 50 ശതമാനം യുഎസിന് വേണമെന്നാണ് ട്രംപ് മുന്നോട്ട് വച്ച കരാര്‍. മൂന്നു വര്‍ഷത്തിലേറെയായി യുദ്ധം തുടരുന്ന യുക്രൈയ്‌ന്റെ ഭൂമേഖലയുടെ ഏകദേശം 20 ശതമാനം റഷ്യ കൈവശപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യുദ്ധത്തില്‍ ഇതിനോടകം പതിനായിരത്തോളം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ധാതുകരാര്‍ ഒപ്പിട്ടതിനു പിന്നാലെ റഷ്യയ്ക്ക് മുന്നറിയിപ്പുമായി യുഎസ് രംഗത്തെത്തി. യുക്രൈയ്‌നില്‍ ശാശ്വതമായ സമാധാനത്തിനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരമാധികാരമുള്ള ഭരണകൂടം സ്ഥാപിക്കാനും യുഎസ് പ്രതിജ്ഞാബദ്ധമാണെന്നാണ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞത്. യുക്രൈയ്‌നില്‍ സമാധാനവും സ്വാതന്ത്ര്യവും പുനഃസ്ഥാപിക്കാന്‍ ട്രംപ് ഭരണകൂടം തയാറാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.






