വയനാട്: മുണ്ടക്കൈ– ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടിനായി ഒരുക്കിയ 30 സെന്റ് സ്ഥലം നഷ്ടമായിട്ടും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി. ചൂരൽമല സ്വദേശി വിജിയാണ് സഹായം ലഭിക്കാത്തതിനെക്കുറിച്ച് പരാതിയുമായി രംഗത്തെത്തിയത്. നിരവധി തവണ സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയിട്ടും പരിഹാരമായില്ലെന്നാണ് വിജിയുടെ ആരോപണം.
മൈസൂരുവിൽ ബേക്കറി ബിസിനസ് നടത്തുകയാണ് വിജി. നാട്ടിലെത്തുമ്പോൾ മേപ്പാടി കോഞ്ഞാംകുളത്തെ തറവാട്ടുവീട്ടിലാണ് താമസം. സ്വന്തമായി ഒരു വീട് നിർമിക്കാനായി അഞ്ച് വർഷം മുമ്പ് ചൂരൽമല വെള്ളാർമല സ്കൂളിന് സമീപം പടവെട്ടിക്കുന്ന് റോഡിൽ 15 സെന്റ് സ്ഥലം വാങ്ങി.
പിന്നീട് 15 സെന്റ് കൂടി വാങ്ങി ആകെ 30 സെന്റ് സ്ഥലത്ത് വീടിനുള്ള തറയും കിണറും നിർമിച്ചു. എന്നാൽ ഉരുൾപൊട്ടൽ ദുരന്തത്തോടെ വിജിയുടെ വീടെന്ന സ്വപ്നം തകർന്നു. ദുരന്തത്തിന് ശേഷം നിർമിക്കുന്ന പടവെട്ടിക്കുന്ന് റോഡ് വിജിയുടെ സ്ഥലം ഉൾപ്പെടുന്ന റെഡ് സോണിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ സ്ഥലത്തിന് നഷ്ടപരിഹാരം നൽകുന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നാണ് പരാതി.
നഷ്ടപ്പെട്ട സ്ഥലത്തിന് എത്രയും വേഗം നഷ്ടപരിഹാരം ലഭ്യമാക്കുകയോ പകരമായി ടൗൺഷിപ്പിൽ വീട് അനുവദിക്കുകയോ ചെയ്യണമെന്നാണ് വിജിയുടെ ആവശ്യം. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കുള്ള സഹായം വൈകുന്നതിൽ ആശങ്കയും നിലനിൽക്കുന്നു.




