കൊല്ലം: മധുര–ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് അനുവദിച്ചതിന്റെ ക്രെഡിറ്റിനെച്ചൊല്ലി എൻ.കെ. പ്രേമചന്ദ്രൻ എംപിയും കൊടിക്കുന്നിൽ സുരേഷ് എംപിയും തമ്മിൽ വാദപ്രതിവാദം. നിവേദനം നൽകിയാൽ മാത്രം പോരെന്നും തുടർനടപടികൾ ഉറപ്പാക്കണമെന്നും ചൂണ്ടിക്കാട്ടി കൊടിക്കുന്നിൽ സുരേഷിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം അബ്ദുള്ള ആസാദ് രംഗത്തെത്തി. ഉത്തരവാദിത്വമുള്ള പൊതുപ്രവർത്തനം അതാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
വിസ്റ്റാഡോം കോച്ച് അനുവദിച്ചത് തന്റെ ഇടപെടലിലൂടെയാണെന്ന് അവകാശപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് പിന്നാലെയാണ് എൻ.കെ. പ്രേമചന്ദ്രനും പ്രതികരണവുമായി എത്തിയത്. വിസ്റ്റാഡോം കോച്ച് യാഥാർഥ്യമാക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ചത് താനാണെന്നായിരുന്നു പ്രേമചന്ദ്രന്റെ അവകാശവാദം.
വിസ്റ്റാഡോം കോച്ച് കേരളത്തിൽ എത്തിക്കുന്നതിനായി വർഷങ്ങളായി ശ്രമം നടത്തിയിരുന്നുവെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി മാധ്യമങ്ങളോട് പറഞ്ഞു. ലോക്സഭാംഗമായ കാലം മുതൽ നടത്തിയ ഇടപെടലുകളുടെ ഫലമാണ് ഈ നേട്ടമെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിക്കായി പലരും ഇടപെട്ടിട്ടുണ്ടാകാമെന്നും അതിന്റെ പേരിൽ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനെച്ചൊല്ലി തർക്കത്തിനില്ലെന്നും പ്രേമചന്ദ്രൻ പറഞ്ഞു. എന്നാൽ, വിസ്റ്റാഡോം കോച്ച് അനുവദിക്കപ്പെടുന്നതിൽ താൻ നടത്തിയ ഇടപെടലുകൾ നിർണായകമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊടിക്കുന്നിൽ സുരേഷിന്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനോട് പ്രതികരിക്കാനില്ലെന്ന് പ്രേമചന്ദ്രൻ വ്യക്തമാക്കി. വിവാദത്തിനോ തർക്കത്തിനോ താൽപര്യമില്ലെന്നും അത്തരമൊരു തർക്കത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വിസ്റ്റാഡോം കോച്ച് അനുവദിച്ചതിന്റെ ക്രെഡിറ്റ് ആര്ക്കെന്നതിനെച്ചൊല്ലിയുള്ള സാമൂഹികമാധ്യമങ്ങളിലെ പോസ്റ്റുകൾക്കു പിന്നാലെ ഇരുനേതാക്കളുടെയും ഇടപെടലുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.




