റിയാദ്: സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തിൽവെച്ച് വയനാട് സ്വദേശിനിയായ നഴ്സിനെ കാണാതായതായി കുടുംബത്തിന്റെ പരാതി. റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന ഫിലോമിന (32)യെയാണ് കാണാതായത്. സുൽത്താൻ ബത്തേരിക്കടുത്ത് അയ്യങ്കൊല്ലി ആനന്ദ് നിവാസിൽ രവി–ശെൽവി ദമ്പതികളുടെ മകളാണ് ഫിലോമിന.
കഴിഞ്ഞ മൂന്ന് വർഷമായി റിയാദിൽ ജോലി ചെയ്യുന്ന ഫിലോമിന വാർഷികാവധി കഴിഞ്ഞ് ഈ മാസം പത്തിനാണ് ബംഗളൂരുവിൽനിന്ന് സൗദിയിലേക്ക് യാത്ര തിരിച്ചത്. ജിദ്ദയിൽ ഇറങ്ങിയശേഷം കണക്ഷൻ വിമാനത്തിൽ റിയാദിലെത്താനായിരുന്നു പദ്ധതി.
ജിദ്ദ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ രാത്രി 8.30ഓടെ ഫിലോമിന പിതാവ് രവിക്കും ഭർത്താവ് ജോണിനും ശബ്ദസന്ദേശം അയച്ചിരുന്നു. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ തന്നെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ലഗേജ് കൊണ്ടുപോയെന്നും ഫോൺ ആവശ്യപ്പെടുന്നുണ്ടെന്നും സന്ദേശത്തിൽ പറഞ്ഞതായി കുടുംബം അറിയിച്ചു.
ഈ സന്ദേശത്തിന് പിന്നാലെ ഫിലോമിനയുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നാണ് കുടുംബത്തിന്റെ പരാതി. റിയാദിലെ ആശുപത്രി അധികൃതരെയും സഹപ്രവർത്തകരെയും ബന്ധപ്പെട്ടെങ്കിലും ഫിലോമിന ജോലിസ്ഥലത്ത് എത്തിയിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്.
സംഭവത്തിൽ കുടുംബം കടുത്ത ആശങ്കയിലാണ്. ഫിലോമിനയെ കണ്ടെത്തുന്നതിനായി റിയാദിലെ ഇന്ത്യൻ എംബസിയുടെയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയും സാമൂഹിക പ്രവർത്തകരുടെയും സഹായം തേടിയിട്ടുണ്ട്. ജിദ്ദ വിമാനത്താവളത്തിൽ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.


