കണ്ണൂര്‍: പി ജയരാജനെ അനുകൂലിച്ച് കണ്ണൂരില്‍ വീണ്ടും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നത് സിപിഐഎമ്മിനുള്ളില്‍ ചര്‍ച്ചയാകുന്നു. ഏറ്റവും പുതിയതായി കണ്ണൂരിലെ കുഞ്ഞിമംഗലം തലായിമുക്കില്‍ “ഞങ്ങളുണ്ട് കൂടെ, അഭിവാദ്യങ്ങള്‍” എന്ന സന്ദേശവുമായി പി ജയരാജന്റെ ചിത്രം ഉള്‍പ്പെടുത്തിയ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
നേതാക്കളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്ന്നേതൃത്വം നേരത്തെ നിര്‍ദേശിച്ചിരുന്നുവെങ്കിലും, അതിനെ മറികടന്നാണ് പുതിയ ഫ്‌ളക്‌സ് ഉയര്‍ന്നത്. ഇതോടെ പാര്‍ട്ടി നിര്‍ദേശങ്ങള്‍ക്കെതിരായ പ്രവര്‍ത്തനമെന്ന വിമര്‍ശനവും ശക്തമാകുന്നു.
ഇതിന് മുമ്പും കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പി ജയരാജനെ അനുകൂലിച്ച ഫ്‌ളക്‌സുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ മാസം ആദ്യം പാപ്പിനിശേരിയിലും ബ്ലാത്തൂരിലും സ്ഥാപിച്ച ഫ്‌ളക്‌സുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
ബ്ലാത്തൂരിലെ ഫ്‌ളക്‌സില്‍ എം സ്വരാജിന്റെയും പി ജയരാജന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു.
തുടര്‍ച്ചയായി ഉയര്‍ന്നുവരുന്ന ഇത്തരം ഫ്‌ളക്‌സുകള്‍ സിപിഐഎമ്മിനുള്ളിലെ ആഭ്യന്തര രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിഭാഗീയതാ സൂചനകള്‍ക്കും ഇടയാക്കുന്നുണ്ട്.






