തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 30 രൂപ കൂടി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,16,880 രൂപയായി. കഴിഞ്ഞ മെയ് 13-ന് കേന്ദ്ര സർക്കാർ സ്വർണ ഇറക്കുമതി ചുങ്കം വർധിപ്പിച്ചതിനെ തുടർന്ന് സ്വർണവിലയിൽ വലിയ വർധനവ് ഉണ്ടായിരുന്നു. അന്ന് ഒരു പവന് 10,200 രൂപ വരെ കൂടിയിരുന്നു. ഈ മാസത്തിലെ ഏറ്റവും ഉയർന്ന സ്വർണവില 1,23,120 രൂപയായി രേഖപ്പെടുത്തി. പിന്നീട് ദിവസങ്ങളിലായി വിലയിൽ ചെറിയ മാറ്റങ്ങൾ തുടരുകയാണ്.
സ്വർണ ഇറക്കുമതി ചുങ്കം 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയതിനെതിരെ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ രംഗത്തെത്തി. ഇറക്കുമതി കുറയ്ക്കാനാണ് സർക്കാർ തീരുമാനം എടുത്തതെങ്കിലും ഇതിലൂടെ സ്വർണക്കള്ളക്കടത്ത് വർധിക്കാൻ സാധ്യതയുണ്ടെന്ന് സംഘടന വ്യക്തമാക്കി. സംഘടനയുടെ ഭാരവാഹികളായ അഡ്വ. അബ്ദുൽ നാസർ, കെ. സുരേന്ദ്രൻ, കൃഷ്ണദാസ് സി.വി എന്നിവർ ചേർന്നാണ് പ്രതികരണം അറിയിച്ചത്.






