തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കൂടി യെല്ലോ അലർട്ട് പ്രഖ്യാപിച്ചതോടെ ഇന്ന് മഴ മുന്നറിയിപ്പുള്ള ജില്ലകളുടെ എണ്ണം എട്ടായി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ നേരത്തെ യെല്ലോ അലർട്ട് നൽകിയിരുന്നു.
24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കാലാവസ്ഥാ വകുപ്പ് കണക്കാക്കുന്നത്.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും ഒമ്പത് പേർ മരിച്ചിരുന്നു. മലപ്പുറം പൂക്കോട്ടുംപാടം കോട്ടപ്പുഴയിലെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് മലവെള്ളം ഇരച്ചെത്തിയതിനെ തുടർന്ന് അഞ്ച് പേർ മരിച്ചു. ഇന്ന് നടത്തിയ തെരച്ചിലിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. പ്രദേശവാസിയായ ഒരു സ്ത്രീക്കായുള്ള തെരച്ചിൽ തുടരുകയാണ്.
നിരവധി സന്ദർശകർ സ്ഥലത്തുണ്ടായിരുന്ന സമയത്താണ് മലവെള്ളം പെട്ടെന്ന് കുത്തിയെത്തിയത്. പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും മുന്നറിയിപ്പ് നൽകിയതിനാലാണ് വലിയ ദുരന്തം ഒഴിവായതെന്നാണ് വിവരം.
ഇടുക്കി മൂന്നാർ വട്ടവടയിൽ കൃഷിയിടത്തിലെ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കൊട്ടാക്കമ്പൂർ വില്ലേജിൽ അമ്മൻകോവിലിന് സമീപം താമസിച്ചിരുന്ന ബാലകൃഷ്ണൻ പെരുമാൾ, അയൽവാസി സി. ചിന്നമ്മാൾ എന്നിവരാണ് മരിച്ചത്.
ഇടുക്കിയിൽ ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. അടിമാലി പഴമ്പള്ളിച്ചാലിൽ ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പലയിടത്തും മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു. നേര്യമംഗലം-വാളറ റോഡിലൂടെ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ പഴയ മൂന്നാറിൽ നിന്ന് വാഹനങ്ങൾ വഴിതിരിച്ചുവിടുന്നുണ്ട്. വാഹനങ്ങൾ ഇടക്കാ പള്ളിക്ക് സമീപത്തുനിന്ന് ഗ്യാപ് റോഡിലൂടെ പ്രവേശിച്ച് പൊലീസ് സ്റ്റേഷന് സമീപത്തെ പാലം കടന്ന് ടൗണിലെത്തണമെന്നാണ് നിർദേശം.
കോട്ടയം ജില്ലയിലെ മലയോര മേഖലയിൽ അപ്രതീക്ഷിതമായി പെയ്ത മഴയിലും മണ്ണിടിച്ചിലിലും രണ്ട് പേർ മരിച്ചു. വാഗമൺ-ഈരാറ്റുപേട്ട റോഡിൽ വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് തമിഴ്നാട് സ്വദേശിയായ വിനോദസഞ്ചാരി സംഗീത മരിച്ചു.
പെരിങ്ങളത്ത് ഉറവപ്ലാവ് സ്വദേശി ജോസഫിന്റെ വീടിന് മുകളിലേക്കും മണ്ണിടിഞ്ഞുവീണു. അപകടസമയത്ത് ജോസഫിനൊപ്പം രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. മക്കളെ രക്ഷപ്പെടുത്തിയെങ്കിലും ജോസഫിന്റെ ജീവൻ രക്ഷിക്കാനായില്ല.
രണ്ട് മാസം മുമ്പ് പ്രളയത്തിൽ ഉരുൾപൊട്ടലുണ്ടായ മംഗളഗിരി മേഖലയിലും വീണ്ടും മണ്ണിടിച്ചിലുണ്ടായി. ഒരു വീട് പൂർണമായും ഒലിച്ചുപോയി. മീനച്ചിലാർ പലയിടത്തും കരകവിഞ്ഞൊഴുകുകയാണ്.
തുടർച്ചയായ മഴയെ തുടർന്ന് വിവിധ ജലാശയങ്ങളിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലും മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിലും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മരങ്ങൾക്കും വൈദ്യുതി ലൈനുകൾക്കും സമീപം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത കണക്കിലെടുത്ത് ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ രാത്രി 8.30 വരെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തീരദേശ മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.




