കൊല്ലം: കൊട്ടാരക്കരയിൽ പൊട്ടക്കിണറ്റിനുള്ളിൽ വെൽഡിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. അവണൂർ വിഷ്ണു നിവാസിൽ താമസിക്കുന്ന വിഷ്ണു ലാൽ ആണ് മരിച്ചത്. വീടിന് സമീപമുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
പ്രദേശത്ത് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രദേശവാസികൾ നടത്തിയ പരിശോധനയിലാണ് കിണറ്റിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം രണ്ടാഴ്ചയോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. വിവരം ലഭിച്ചതിനെ തുടർന്ന് ഇന്നലെ രാത്രിയിൽ ഫയർഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്തു.
കൊട്ടാരക്കര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊല്ലം സ്വദേശിയായ വിഷ്ണു ലാൽ കഴിഞ്ഞ മൂന്ന് വർഷമായി അവണൂരിൽ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നേരത്തെ കൊട്ടാരക്കര പൊലീസിൽ പരാതി നൽകിയിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.










