ചെന്നൈ: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് മുട്ട കയറ്റുമതി നിലച്ചതോടെ വില വീണ്ടും കുറഞ്ഞു. തമിഴ്നാട്ടിലെ നാമക്കലിൽ കോഴിക്കർഷകർക്ക് പ്രതിദിനം ഏഴുകോടി രൂപയുടെ നഷ്ടമുണ്ടാകുന്നതായി കണക്ക് പറയുന്നു. പല തുറമുഖങ്ങളും അടച്ചതും വിമാന ഗതാഗതത്തിൽ നിയന്ത്രണങ്ങൾ വന്നതുമാണ് ഗൾഫ് രാജ്യങ്ങളിലേക്കുള്ള മുട്ട കയറ്റുമതി തടസപ്പെടുത്തിയത്. ഇതോടെ മുട്ട കെട്ടിക്കിടക്കാൻ തുടങ്ങി.
ഇതിനിടെ നാഷണൽ എഗ് കോഡിനേഷൻ കമ്മിറ്റി യോഗം ചേർന്ന് മുട്ടയുടെ സംഭരണവില കുറയ്ക്കാൻ തീരുമാനിച്ചു. ഇപ്പോൾ ഒരു മുട്ടയ്ക്ക് 4.05 രൂപയാണ് വില. കഴിഞ്ഞ ആഴ്ച 4.40 രൂപയും, രണ്ട് ദിവസം മുൻപ് 4.20 രൂപയുമായിരുന്നു.
നാമക്കലിൽ 1,200-ലധികം കോഴി ഫാമുകളിലായി ഏകദേശം എട്ടുകോടി മുട്ടക്കോഴികളുണ്ട്. ഇവയിൽനിന്ന് ദിവസവും ശരാശരി ആറുകോടി മുട്ട ലഭിക്കുന്നു. ഒരു മുട്ട ഉത്പാദിപ്പിക്കാൻ ഏകദേശം 5.20 രൂപ ചെലവാകുന്നു. എന്നാൽ വില കുറഞ്ഞതോടെ കർഷകർക്ക് വലിയ നഷ്ടമാണ് നേരിടേണ്ടിവരുന്നത്.
മുൻപ് നാമക്കലിൽനിന്ന് യു.എ.ഇ., ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് ദിവസേന ഏകദേശം 80 ലക്ഷം മുട്ട കയറ്റുമതി ചെയ്തിരുന്നു. ഇപ്പോൾ ഈ മുട്ടകൾ വിറ്റഴിക്കാനാകാതെ ബാക്കി വരുന്നതാണ് വില ഇടിവിന് കാരണം.






