ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം ശക്തമായ സാഹചര്യത്തിൽ തലസ്ഥാനമായ ന്യൂഡൽഹിയിൽ സുരക്ഷ ശക്തമാക്കി. എംബസികൾ ഉൾപ്പെടെ അമേരിക്കൻ സ്ഥാപനങ്ങളുടെ സുരക്ഷ വർധിപ്പിക്കാനും സിസിടിവി നിരീക്ഷണം കാര്യക്ഷമമാക്കാനും ഡൽഹി പോലീസ് കമ്മീഷണർ നിർദേശം നൽകി.
സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടയുന്നതിനായി നിരീക്ഷണം കർശനമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ദിവസേന റിപ്പോർട്ട് സമർപ്പിക്കാൻ സ്പെഷ്യൽ കമ്മീഷണർമാർക്ക് നിർദേശം നൽകിയതായും പൊലീസ് അറിയിച്ചു.
ഇതിനിടെ, സംയുക്ത നാവികാഭ്യാസത്തിനായി വിശാഖ പട്ടണത്തിൽ എത്തിയ ഇറാന്റെ യുദ്ധക്കപ്പൽ IRIS Lavan ഇപ്പോൾ കൊച്ചിയിൽ നങ്കൂരമിട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനെ ആക്രമിച്ച 28-ാം തീയതിയാണ് കപ്പൽ ഇന്ത്യയിൽ അടുപ്പിക്കാൻ അനുമതി തേടിയത്. തുടർന്ന് ഒന്നാം തീയതി ഇന്ത്യ അനുമതി നൽകുകയും നാലാം തീയതി കപ്പൽ കൊച്ചിയിൽ എത്തുകയും ചെയ്തു. കപ്പലിലുള്ള 183 പേർക്ക് ഇന്ത്യൻ നേവിയുടെ ബേസിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിനോടൊപ്പം ഉണ്ടായിരുന്ന IRIS ദേന എന്ന കപ്പലാണ് കഴിഞ്ഞ ദിവസം അമേരിക്ക ആക്രമിച്ച് മുങ്ങിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.






