ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷവും അതിന്റെ ആഗോള ഊർജ്ജ സുരക്ഷയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും സംബന്ധിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഫോണിൽ ദീർഘമായ ചർച്ച നടത്തി. സംഘർഷം മൂലമുണ്ടാകുന്ന ആഗോള സാമ്പത്തിക പ്രശ്നങ്ങളും ഊർജ്ജ വിപണിയിൽ ഉണ്ടായ മാറ്റങ്ങളും ഇരുവരും ചർച്ച ചെയ്തതായി ജയശങ്കർ അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷം ആഗോള സാമ്പത്തിക വ്യവസ്ഥയെ ബാധിച്ചിരിക്കുന്നതായും ചർച്ചയിൽ വിലയിരുത്തി.
ഇരുരാജ്യങ്ങളും തമ്മിൽ ആശയവിനിമയം തുടർന്നും നടത്താൻ തീരുമാനിച്ചതായി ജയശങ്കർ വ്യക്തമാക്കി. കൂടാതെ, പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ചർച്ചകൾ നടക്കുന്നതായുള്ള റിപ്പോർട്ടുകൾ ഇന്ത്യ നിരീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതിനിടെ, ഹോർമുസ് കടലിടുക്ക് കടന്ന രണ്ട് എൽപിജി ടാങ്കറുകൾ ശനിയാഴ്ചയും ഞായറാഴ്ചയും ഇന്ത്യയിലെത്തുമെന്നാണ് വിവരം. ഇതോടെ വരും ദിവസങ്ങളിൽ രാജ്യത്ത് വാണിജ്യ എൽപിജി വിതരണം വർധിപ്പിക്കാൻ കഴിയുമെന്ന് കേന്ദ്രം അറിയിച്ചു.






