ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം ശക്തമായ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ നടത്താനിരുന്ന സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റിവെച്ചതോടെ വിദ്യാർത്ഥികൾ പ്രതിസന്ധിയിലായി. പരീക്ഷകൾ എപ്പോൾ നടക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഇതിനെ തുടർന്ന് പകരം സംവിധാനം ഒരുക്കണമെന്ന ആവശ്യം വിദ്യാർത്ഥികളിൽ നിന്ന് ഉയരുകയാണ്.
പരീക്ഷകൾ നടത്താൻ സാധിക്കാത്ത സാഹചര്യത്തിൽ മാർക്ക് നൽകുന്നതിനായി ബദൽ സംവിധാനം ഒരുക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു. ഇക്കാര്യത്തിൽ അനുയോജ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം വിദ്യാർത്ഥികൾ സിബിഎസ്ഇയ്ക്ക് കത്തും നൽകിയിട്ടുണ്ട്.






