തിരുവനന്തപുരം: ചില വിഷയങ്ങളിൽ വ്യക്തിപരമായ അഭിപ്രായം തനിക്കുണ്ടെന്നും അത് തുറന്ന് പറയാറുണ്ടെന്നും കോൺഗ്രസ് എം പി ശശി തരൂർ. അതോടൊപ്പം പാർട്ടിക്ക് നിലപാടുള്ല വിഷയത്തിൽ വേറെ അഭിപ്രായം പറയാറില്ലെന്നും അഭിപ്രായങ്ങൾ തുറന്ന് പറയുന്നിടത്ത് പറയുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയുടെ അഭിപ്രായം വക്താവിനോട് ചോദിക്കണമെന്നും ഇത് തൻ്റെ അഭിപ്രായമാണെന്ന് വ്യക്തമാക്കാറുണ്ടെന്നും തരൂർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉത്തരം പറയാതിരിക്കുന്നതാണ് ഭേദമെങ്കിൽ അങ്ങനെ ചെയ്യാമെന്നും തരൂർ വ്യക്തമാക്കി.
രാഹുൽ ഗാന്ധി ആത്മാർത്ഥമായി നിൽക്കുന്ന നേതാവ് അദ്ദേഹം രാജ്യത്തിനുവേണ്ടി ശക്തമായ സ്വരമുയർത്തുന്നയാളാണ്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ നിലപാടിനോട് ഒരു രീതിയിലും മറിച്ചൊരു അഭിപ്രയം തനിക്ക് ഉണ്ടായിട്ടില്ല. എന്നാൽ ചില വിഷയങ്ങളിൽ ഞാൻ എടുത്ത സ്റ്റാൻഡ് പ്രോ-ബിജെപിയായി നിങ്ങൾ കണ്ടു. എന്നാൽ പ്രോ-ഗവൺമെൻ്റ്, പ്രോ- ഇന്ത്യ എന്നിങ്ങനെയാണ് ഞാൻ കണ്ടത്. അന്താരാഷ്ട്ര കാര്യങ്ങളിൽ രാഷ്ട്രീയം പറയാനല്ല, രാഷ്ട്രത്തിനുവേണ്ടി സംസാരിക്കാനാണ് ആഗ്രഹം. ആദ്യത്തെ തിരഞ്ഞെടുപ്പ് മുതൽ തന്നെ ഇക്കാര്യം ഞാൻ പറയുന്നുണ്ട്. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന് ശ്രീനാരായണ ഗുരു പറയുന്നതുപോലെ രാഷ്ട്രീയമേതായാലും രാഷ്ട്രം നന്നായാൽ മതി. പാർലമെൻ്റിൽ എപ്പോഴും പാർട്ടിയുടെ സ്റ്റാൻഡിനൊപ്പം നിൽക്കും. ഞാൻ എവിടേക്കും പോകുന്നില്ല. കോൺഗ്രസിൽ തന്നെയാണുള്ലത്. തിരഞ്ഞെടുപ്പിൽ സജീവമായി ഉണ്ടാകും. യുഡിഎഫിൻ്റെ വിജയത്തിനായി പ്രവർത്തിക്കും. എന്നോട് മാത്രമെന്തിനാണ് പാർട്ടി മാറുമോയെന്ന് ചോദിക്കുന്നത്? എനിക്കെന്താണ് കുഴപ്പം?’ തരൂർ നിലപാട് വ്യക്തമാക്കിക്കൊണ്ട് ചോദിച്ചു.
വർഗീയത, ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം എന്നിവയ്ക്കെതിരായി സംസാരിക്കുന്ന ആളായാണ് രാഹുൽ ഗാന്ധിയെ എല്ലാവരും കാണുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നത്. ഇതിലെനിക്ക് രണ്ടഭിപ്രായമില്ല. പാർലമെൻ്റിൽ എപ്പോഴും പാർട്ടിയുടെ സ്റ്റാൻഡിനൊപ്പം നിൽക്കും. ഞാൻ എവിടേക്കും പോകുന്നില്ല. കോൺഗ്രസിൽ തന്നെയാണുള്ലത്. ഇതുവരെയും വേറേ പാർട്ടിയിലേക്ക് മാറുന്ന തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.






