അങ്ങനെ ദിവസങ്ങളോളം കേരള രാഷ്ട്രീയ അന്തരീക്ഷത്തില്‍ ചൂടുപിടിച്ചു നിന്ന അഭ്യൂഹത്തിന് വിരാമമായിരിക്കുന്നു. ഈ തെരഞ്ഞെടുപ്പിലെ വളരെ നിര്‍ണായകമായൊരു തീരുമാനത്തില്‍ എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. സിപിഎമ്മുമായി ഇടഞ്ഞ് പുറത്തുപോയ കമ്മ്യൂണിസ്റ്റ് അതികായന്‍ ജി സുധാകരന്‍ കോണ്‍ഗ്രസ് പിന്തുണയില്‍ വോട്ട് തേടും. സി.പി.എം.വിട്ട് അമ്പലപ്പുഴ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍മന്ത്രി ജി. സുധാകരനെ യുഡിഎഫ് പിന്തുണയ്ക്കും. ഇവിടെ സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം തീരുമാനം എടുക്കുകയായിരുന്നു. ഔദ്യോഗിക തീരുമാനം കോണ്‍ഗ്രസ് ഉടന്‍ പ്രഖ്യാപിക്കും. മണ്ഡലത്തില്‍ എല്‍ഡിഎഫ് ഇന്നലെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിരുന്നു. സിറ്റിങ് എംഎല്‍എ എച്ച് സലാമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിന്റെ ഈ മാസ്റ്റര്‍ സ്‌ട്രോക്ക് വന്‍ വിജയമാകുമോ അതോ ചീറ്റിപോകുമോ എന്നെല്ലാം അറിയാന്‍ ഇനി ഒരു മാസം കാത്തിരുന്നാല്‍ മതി.
സുധാകരന്‍ സിപിഎമ്മുമായി ഇടഞ്ഞു തുടങ്ങിയ അന്ന് മുതല്‍ വലവിരിച്ച് കാത്തിരിക്കുകയായിരുന്നു കോണ്‍ഗ്രസ്. താന്‍ മറ്റൊരു പാര്‍ട്ടിയുടെ പിന്തുണയും തേടില്ലെന്ന് പറഞ്ഞ സുധാകരന് ഒടുവില്‍ കോണ്‍ഗ്രസുമായി കൈകൊടുക്കേണ്ടി വരുന്നു. ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സുധാകരനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. സുധാകരനെ ഉടന്‍ തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ കണ്ട് പിന്തുണ അറിയിക്കും. അവഗണന മടുത്താണ് താന്‍ പാര്‍ട്ടി വിട്ടതെന്ന് സുധാകരന്‍ പറയുമ്പോള്‍ തന്നെ വളര്‍ത്തി വലുതാക്കിയ പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തിയ സുധാകരനെ വര്‍ഗവഞ്ചകന്‍ എന്നാണ് അണികള്‍ വിളിക്കുന്നത്.
എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് അമ്പലപ്പുഴ. ഇവിടെ സുധാകരനെതിരെ വ്യാപക വിമര്‍ശനമാണ് സിപിഎം അഴിച്ചുവിടുന്നത്. പറവൂരില്‍ സിപിഎം ബഹുജന റാലി നടത്തിയിരുന്നു. എന്നാല്‍ ഇതിനെ തള്ളിയായിരുന്നു സുധാകരന്റെ പ്രതികരണം. തനിക്കെതിരെ സംഘടിപ്പിച്ച പരിപാടിയില്‍ ആളെ കൂട്ടാനായില്ലെന്നാണ് വിമര്‍ശനം. പാര്‍ട്ടി മെമ്പര്‍മാരെ പോലും മുഴുവനായി പാര്‍ട്ടി പ്രതിഷേധ പരിപാടിയില്‍ പങ്കെടുപ്പിക്കാനായില്ലെന്നും പൊതുയോഗത്തില്‍ നേതാക്കള്‍ അതിരൂക്ഷമായ അക്രമം അഴിച്ചുവിട്ടെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. ഇങ്ങനെയൊക്കെ പറയുമ്പോഴും നിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടിയെ കൈവെടിഞ്ഞ ഒരാള്‍ക്ക് ഇടത് ആശയങ്ങള്‍ പേറുന്ന വോട്ടുകള്‍ കിട്ടുമോ എന്നത് സംശയമാണ്.






