ഇടുക്കി: സിപിഎം വിട്ട ജി സുധാകരന് എതിരായ ‘രാഷ്ട്രീയ ചെറ്റത്തരം’ പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വിജയൻ. ജി. സുധാകരനെ വ്യക്തിപരമായി “ചെറ്റ” എന്ന് വിളിച്ചിട്ടില്ലെന്നും, അത്തരത്തിൽ വിളിക്കാൻ മാധ്യമങ്ങൾ ശ്രമിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. “ഞാൻ പറഞ്ഞത് ‘രാഷ്ട്രീയ ചെറ്റത്തരം’ എന്നതാണ്. ചെറ്റത്തരം എന്ന വാക്ക് എപ്പോഴാണ് ഇത്ര അശ്ലീലമായത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല,” എന്നും അദ്ദേഹം വ്യക്തമാക്കി.
“ചില്ലറ വോട്ടുകൾക്കും നാല് സീറ്റുകൾക്കുമായി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങൾ എന്ന് നാളുകളായി പറയുന്ന കാര്യമാണ്. അതിന് ഞങ്ങൾ ചെറ്റകളാണെന്ന അർഥമില്ല. ആരെങ്കിലും തെറ്റായ നിലപാട് എടുത്താൽ അതിനെ ചെറ്റത്തരം എന്ന് പറയുന്നത് സാധാരണ കാര്യമാണ്,” എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് വ്യക്തിപരമായ അപമാനമല്ല, നിലപാടുകളുടെ വഞ്ചനയെ സൂചിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






