കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മൊഴി രേഖപ്പെടുത്തിയാൽ മാത്രമേ ഏത് ആയുധമുപയോഗിച്ചാണ് പരിക്കേൽപ്പിച്ചതെന്ന് കണ്ടെത്താനാവുകയുള്ളൂവെന്ന് പോലീസ്. കെ.എസ്.യു. പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിക്ക് പരിക്കേറ്റത് അന്വേഷിക്കുന്ന റെയിൽവേ പോലീസ്, കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (രണ്ട്) നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
ശാരീരിക അസ്വസ്ഥത കാരണം മന്ത്രിയുടെ മൊഴി ഇതുവരെ രേഖപ്പെടുത്താനായിട്ടില്ലെന്നും കെ.എസ്.യു. പ്രവർത്തകർ നൽകിയ ജാമ്യഹർജിയെ എതിർത്തുള്ള റിപ്പോർട്ടിൽ പറയുന്നു.
റെയിൽവേ സ്റ്റേഷനിൽ അതിക്രമിച്ചുകയറിയ കെ.എസ്.യു. പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും കൊല്ലെടാ എന്ന് ആക്രോശിച്ചും എന്തോ ആയുധം ഉപയോഗിച്ച് മന്ത്രിക്കുനേരെ ചാടിവീണ് കഴുത്തിന് ആക്രമിക്കുകയും തടയാൻ ശ്രമിച്ച ഗൺമാനെ കൈകൊണ്ട് അടിക്കുകയും ചെയ്തെന്നാണ് കേസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
തടഞ്ഞുവെച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസുണ്ട്. സംഭവസ്ഥലത്തിന് സമീപങ്ങളിലുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ചുവരുന്നതേയുള്ളൂവെന്നും അന്വേഷണസംഘത്തലവനായ കോഴിക്കോട് റെയിൽവേ പോലീസ് ഇൻസ്പെക്ടർ കോടതിയെ അറിയിച്ചു.
പബ്ലിക് പ്രോസിക്യൂട്ടർ അവധിയിലായതിനാൽ ഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസിൽ അറസ്റ്റിലായ കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എം.സി. അതുൽ (28), വി.വി. അക്ഷയ് (24), സി.എച്ച്. മുബാസ് (26), ബിതുൽ ബാലൻ (23) അഹമ്മദ് യാസിൻ (22) എന്നിവർ റിമാൻഡിലാണ്. ആക്രമിക്കുന്ന ദൃശ്യങ്ങളും മന്ത്രിയുടെ ദേഹത്ത് ആയുധം കൊണ്ടുള്ള പരിക്കുമില്ലാത്തതിനാൽ വധശ്രമക്കേസ് നിലനിൽക്കില്ലെന്ന അഭിപ്രായം പോലീസിൽത്തന്നെ ഉയർന്നിട്ടുണ്ട്.






