കൊച്ചി: കണ്ണൂരിലെ ആറളം ഫാമിൽ മേഖലയിലെ ജനങ്ങൾക്ക് ഭീഷണിയായ ‘കെഎം ഒന്ന്’ കാട്ടാനയെ നിരന്തരം നിരീക്ഷിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി. ആനയുടെ ആക്രമണ ഭീഷണി ചൂണ്ടിക്കാട്ടി സമർപ്പിച്ച ഉപഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഇടപെടൽ.
ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് എസ്. ഈശ്വരനും ഉൾപ്പെട്ട ബെഞ്ചാണ് നിർദേശം നൽകിയത്. ‘കെഎം ഒന്ന്’ എന്ന ആന ആറളം ഫാമിലെ ജനങ്ങളുടെ ജീവന് ഭീഷണിയായിരിക്കുകയാണെന്ന് ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
ഫെബ്രുവരിയിൽ അനീഷ് എന്നയാൾ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവവും ഹർജിക്കാരനായ ബൈജു പോൾ മാത്യു കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. വന്യജീവി ആക്രമണങ്ങൾ തടയാൻ ആറളം ഫാമിൽ സ്ഥിരമായ മേൽനോട്ടം വേണമെന്ന് ഹൈക്കോടതി മുമ്പും നിർദേശിച്ചിരുന്നുവെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു.
ഈ വാദം ആറളം ഫാമിന് വേണ്ടി ഹാജരായ അഭിഭാഷകനും അംഗീകരിച്ചതോടെയാണ് ആനയെ തുടർച്ചയായി നിരീക്ഷിക്കാൻ കോടതി നിർദേശം നൽകിയത്. ഓരോ മനുഷ്യജീവനും വിലപ്പെട്ടതാണെന്ന് കോടതി നിരീക്ഷിച്ചു.
കേസ് മേയ് 20-ന് വീണ്ടും പരിഗണിക്കും. ആറളം ഫാമുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറിയുൾപ്പെടെയുള്ള ഉദ്യോഗസ്ഥരോട് ഹൈക്കോടതി നേരത്തേ നിർദേശിച്ചിരുന്നു.






