ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായുമലിനീകരണം നിയന്ത്രിക്കാൻ ‘റോഡ് റഡാർ’ പദ്ധതിയുമായി സർക്കാർ. മലിനീകരണ സ്രോതസുകൾ അതിവേഗം കണ്ടെത്തി പരിഹരിക്കുന്നതിനായുള്ള പദ്ധതിക്ക് പരിസ്ഥിതി മന്ത്രിമഞ്ജീന്ദർ സിംഗ് വെള്ളിയാഴ്ച തുടക്കമിട്ടു.
ഡൽഹിയിലെ 13 ജില്ലകളിലായി പ്രത്യേക സർവേ സംഘം നിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. റോഡുകളിലെ മലിനീകരണം തത്സമയം കണ്ടെത്തുന്നതിനുള്ള ശാസ്ത്രീയ സംവിധാനമായ ‘റിയൽ-ടൈം എയർ പൊല്യൂഷൻ ഡിറ്റക്ഷൻ എക്രോസ് റോഡ്സ്’ പദ്ധതിയുടെ ചുരുക്കപ്പേരാണ് ‘റഡാർ’.
ഓരോ ജില്ലയിലുമുള്ള സർവേയർമാർ റോഡുകളിൽ പരിശോധന നടത്തി മലിനീകരണ സ്രോതസുകൾ ഉടൻ റിപ്പോർട്ട് ചെയ്യും. ഇതിനായി എം.സി.ഡി-311 മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ജിയോ ടാഗ് ചെയ്ത ഫീൽഡ് സർവേകൾ നടത്തും.
പ്രതിദിനം ഓരോ സർവേയറും കുറഞ്ഞത് 70 മലിനീകരണ പ്രശ്നങ്ങൾ ഫോട്ടോ സഹിതം റിപ്പോർട്ട് ചെയ്യണം. ഇതിലൂടെ നഗരത്തിലുടനീളം ദിവസവും ആയിരത്തോളം പ്രശ്നങ്ങൾ തിരിച്ചറിയാനാകുമെന്നാണ് സർക്കാർ വിലയിരുത്തൽ.
റിപ്പോർട്ട് ചെയ്യുന്ന വിവരങ്ങൾ ഉടൻ തന്നെ എൻഫോഴ്‌സ്‌മെന്റ് വിഭാഗങ്ങൾക്കും ബന്ധപ്പട്ട ഏജൻസികൾക്കും കൈമാറും. പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നിരീക്ഷണ സംവിധാനവും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രീയ നിരീക്ഷണവും തത്സമയ ഇടപെടലുകളും വഴി ഡൽഹിയിലെ വായു ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.




