കൊൽക്കത്ത: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽവി നേരിട്ടതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി സാമൂഹിക മാധ്യമങ്ങളിലെ ബയോ മാറ്റി. രാഷ്ട്രീയ സന്ദേശം നൽകുന്നതായാണ് പുതിയ മാറ്റത്തെ വിലയിരുത്തുന്നത്. താൻ തിരഞ്ഞെടുപ്പിൽ തോറ്റിട്ടില്ലെന്നും ബിജെപിക്ക് ലഭിച്ച വിജയം ‘കൊള്ളയുടെ’ ഫലമാണെന്നും മമത ആരോപിച്ചിരുന്നു.
ഇതിനെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ മമത തയ്യാറായിരുന്നില്ല. സംഭവത്തിൽ രാഷ്ട്രീയ പ്രതിസന്ധിയും ഉണ്ടായി. പ്രതിപക്ഷ മുന്നണികളും മമതയ്ക്ക് പിന്തുണ നൽകിയിരുന്നു. പിന്നീട് ഗവർണർ ഇടപെട്ട് മന്ത്രിസഭ പിരിച്ചുവിടുകയായിരുന്നു.
സാമൂഹിക മാധ്യമ അക്കൗണ്ടിലെ പുതിയ ബയോയിൽ “ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് സ്ഥാപക ചെയർപേഴ്സൺ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി (15, 16, 17-മത് നിയമസഭ)” എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുമ്പ് “ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് സ്ഥാപക ചെയർപേഴ്സൺ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി” എന്നായിരുന്നു ബയോ. ശനിയാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷമാണ് മമത ബയോ പുതുക്കിയത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഭവാനിപുര് മണ്ഡലത്തിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയോട് മമത പരാജയപ്പെട്ടിരുന്നു. 294 സീറ്റുകളുള്ള നിയമസഭയിൽ തൃണമൂൽ കോൺഗ്രസിന് 80 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. തിരഞ്ഞെടുപ്പിന് പിന്നാലെ നൂറോളം സീറ്റുകൾ ‘കൊള്ളയടിക്കപ്പെട്ടു’ എന്ന ആരോപണവും മമത ഉന്നയിച്ചിരുന്നു.




