ആലപ്പുഴ: സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അമ്പലപുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി സുധാകരന്‍. ബുദ്ധിശൂന്യതയും അഹങ്കാരവും തെറ്റായ പ്രവര്‍ത്തനങ്ങളുള്ള പാര്‍ട്ടിയാണ് സിപിഐഎം എന്നാണ് സുധാകരന്റെ വിമർശനം. കഞ്ചാവടിക്കുന്ന ചെറുപ്പക്കാരാണ് അമ്പലപ്പുഴയിൽ സിപിഐഎമ്മിൽ ചെങ്കൊടിയും പിടിച്ച് നടക്കുന്നതെന്നും കോൺഗ്രസ് പറഞ്ഞ് കേട്ടത് പോലെയുള്ള പാർട്ടിയല്ലെന്ന് മനസിലായി എന്നും യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കുന്നതിനിടെ സുധാകരൻ പറഞ്ഞത്.
എ വിജയരാഘവനെതിരെയും രൂക്ഷമായ ഭാഷയിൽ ജി സുധാകരൻ പരാമർശിച്ചു. വിജയരാഘവൻ പ്രസംഗിക്കുന്ന സ്ഥലങ്ങളിൽ പാർട്ടി തോൽക്കുമെന്നും അതുകൊണ്ട് ‘പരാജയരാഘവൻ’ എന്നാണ് അദ്ദേഹത്തെ വിളിക്കേണ്ടതെന്നും സുധാകരൻ പരിഹസിച്ചു. സംസ്‌കാരവും പക്വതയും ബുദ്ധിയും നിസ്വാർത്ഥതയുമുള്ള പാർട്ടി എന്നാണ് കോൺഗ്രസിനെ അദ്ദേഹം വിശേഷിപ്പിച്ചത്.
90000 വോട്ടുമായി ഞാൻ അമ്പലപ്പുഴയിൽ ചരിത്രവിജയം നേടുമെന്നും ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്ക് വോട്ട് ചെയ്യുമെന്നും ജി സുധാകരൻ അവകാശപ്പെട്ടു.






