വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നണികളെ സംബന്ധിച്ചും അഭിമാന പ്രശ്നമാണ്. യുഡിഎഫിനെ സംബന്ധിച്ച് അധികാരത്തിൽ കുറഞ്ഞതൊന്നും ഇനി ചിന്തിക്കാനാവില്ല. കേരളത്തിൽ മാത്രമല്ല, കേന്ദ്രത്തിലും ഭരണമില്ലാത്ത അവസ്ഥ. കേന്ദ്രത്തിൽ തുടർച്ചയായി മൂന്നാം തവണയാണ് ബിജെപി അധികാരത്തിലേറിയത്. സംസ്ഥാനത്ത് കഴിഞ്ഞ ഒമ്പത് വർഷമായി പ്രതിപക്ഷത്തിരിക്കുന്നു. ഇനി അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ ബിജെപി കോൺഗ്രസിനെ വെട്ടി ആധിപത്യം ഉറപ്പിച്ചെന്നിരിക്കും. അതിനാൽ, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നിലവിൽ ജയിച്ച സീറ്റുകൾ നിലനിർത്തുകയും കൂടുതൽ സീറ്റുകൾ നേടുകയും ചെയ്യേണ്ടത് യുഡിഎഫിൻ്റെ ആവശ്യമാണ്.
എൽഡിഎഫ് മൂന്നാമതും ഒരു തുടർഭരണം ലക്ഷ്യമിടുന്നു. നിലവിലെ കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ അത് സാധിക്കുമെന്ന് എൽഡിഎഫ് കണക്കുകൂട്ടുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാകും മൂന്നാമതും എൽ.ഡി.എഫ് മുന്നണിയെ നയിക്കുക എന്നത് തീർച്ചയാണ്.
ബിജെപിക്ക് ഈ തിരഞ്ഞെടുപ്പിൽ കൂടുതൽ നിയമസഭാ പ്രതിനിധികളെ ഉണ്ടാക്കിയെടുക്കണം. അതിൽ കുറഞ്ഞ യാതൊരു വിട്ടുവീഴ്ചയ്ക്കും അവർ തയ്യാറാകില്ലെന്നാണ് സൂചന. അതിനായി തന്നെയാണ് മുൻ കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖറിനെ ബി.ജെ.പി കേരളത്തിൻ്റെ പ്രസിഡൻ്റായി നിയമിച്ചതെന്ന് പറയപ്പെടുന്നത്. ഒരു ഗ്രൂപ്പിലും പെടാത്ത രാജീവ് ചന്ദ്രശേഖർ പ്രധാനമന്ത്രി മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും അടുത്ത ആളായിട്ടാണ് അറിയപ്പെടുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് തുടർഭരണം കിട്ടിയെങ്കിലും കുണ്ടറ സീറ്റിൽ സിപിഎമ്മിൻ്റെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജെ. മേഴ്സിക്കുട്ടിയമ്മയുടെ തോൽവി അവർക്ക് വലിയ തിരിച്ചടിയായി. ഒട്ടും പ്രതീക്ഷിക്കാതെ ചെങ്ങന്നൂരിലെ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ പി.സി വിഷ്ണുനാഥ് കുണ്ടറയിൽ മത്സരിച്ച് മേഴ്സിക്കുട്ടിയമ്മയെ പരാജയപ്പെടുത്തുകയായിരുന്നു. ആഴക്കടൽ മത്സ്യ വിവാദമൊക്കെയാണ് അന്ന് കുണ്ടറയിൽ മേഴ്സിക്കുട്ടിയമ്മയുടെ തോൽവിക്ക് കാരണമായി പറയുന്നതെങ്കിലും ബി.ജെ.പി വോട്ടുകൾ കൂടുതലായി വിഷ്ണുനാഥിന് ലഭിച്ചെന്നും സൂചനയുണ്ട്. എന്തായാലും തങ്ങളുടെ ഉറച്ച സീറ്റ് എങ്ങനെയും തിരിച്ചുപിടിക്കണമെന്ന വാശിയിലാണ് എൽഡിഎഫ്.
മേഴ്സിക്കുട്ടിയമ്മയ്ക്ക് മുൻപ് ഇപ്പോഴത്തെ സിപിഎം ദേശീയ സെക്രട്ടറി എം.എ. ബേബി ആയിരുന്നു കുണ്ടറയിൽ നിന്നുള്ള നിയമസഭാംഗം. അപ്പോഴാണ് അദ്ദേഹം വി.എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നത്. മുൻപ് അൽഫോൻസാ ജോൺ എന്ന നേതാവ് അവിടെ യുഡിഎഫ് എംഎൽഎ ആയിട്ടുണ്ട്. അതിനുശേഷം വർഷങ്ങൾ ഏറെ കഴിഞ്ഞാണ് പി.സി. വിഷ്ണുനാഥിലൂടെ കഴിഞ്ഞ തവണ യുഡിഎഫ് അവിടെ സീറ്റ് നിലനിർത്തുന്നത്. ഇപ്പോഴത്തെ കാസർഗോഡ് എംപിയും കോൺഗ്രസിൻ്റെ സീനിയർ നേതാവുമായ രാജ്മോഹൻ ഉണ്ണിത്താനെപ്പോലുള്ളവർ മത്സരിച്ച് പരാജയപ്പെട്ട സീറ്റാണ് കുണ്ടറ എന്ന് ഓർക്കണം. അതിന് വിപരീതമായി കോൺഗ്രസിന് ചെറിയൊരു വെളിച്ചം കണ്ടത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മാത്രമാണ്.
വരുന്ന തിരഞ്ഞെടുപ്പിൽ കുണ്ടറയിൽ യുഡിഎഫ് സ്ഥാനാർത്ഥി പി സി വിഷ്ണുനാഥ് തന്നെയാകും എന്നത് ഏറെക്കുറെ ഉറപ്പാണ്. മറിച്ച് എൽഡിഎഫിൽ ഇക്കുറി മേഴ്സിക്കുട്ടിയമ്മ മത്സരിക്കാൻ സാധ്യതയില്ലെന്നാണ് അറിയുന്നത്. അങ്ങനെയെങ്കിൽ സിപിഎമ്മിലെ തീപ്പൊരി നേതാവും വനിതയുമായ ചിന്താ ജെറോം കുണ്ടറയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി വരാനാണ് സാധ്യത.
ഡിവൈഎഫ്ഐയുടെ ഒക്കെ നേതാവായ ചിന്ത കൊല്ലംകാരിയാണ്. കുണ്ടറയെ അടുത്തറിയാവുന്നയാളുമാണ്. ജാതി സമവാക്യങ്ങൾ നോക്കിയാൽ ഇവിടെ നായർ, ലത്തീൻ കത്തോലിക്കാ വിഭാഗക്കാർക്കാണ് മുൻതൂക്കം. വിഷ്ണുനാഥ് നായർ വിഭാഗത്തിൽപ്പെട്ടയാളാണ്. ചിന്താ ജെറോം ലത്തീൻ കത്തോലിക്കാ വിഭാഗത്തിൽപ്പെട്ടയാളും.
മേഴ്സിക്കുട്ടിയമ്മയും എം.എ. ബേബിയുമൊക്കെ ലത്തീൻ വിഭാഗത്തിൽപ്പെട്ടവരായിരുന്നു. ആ രീതിയിൽ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചിന്താ ജെറോമിന് കുണ്ടറ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സാധ്യതകളേറെയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അടുത്തയാളുമാണ് ചിന്താ ജെറോം. ചിന്ത കുണ്ടറയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി വന്നാൽ വിഷ്ണുനാഥ് അവിടെ വീഴുമോ വാഴുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.




