തൃശ്ശൂർ: ജിംനേഷ്യവും ബ്യൂട്ടി സലൂണും മറവാക്കി വൻതോതിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ യുവതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുകര താന്ന്യം സ്വദേശിനിയായ ശ്രീലക്ഷ്മിയെയാണ് പിടിയിലായത്.
തൃപ്രയാറിലെ വലപ്പാട് പ്രദേശത്ത് പ്രവർത്തിക്കുന്ന ജിംനേഷ്യത്തിൽ ജോലി ചെയ്യുന്ന ഇവരിൽ നിന്ന് 2.270 കിലോഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. കൂടാതെ 90,500 രൂപയും, ലഹരി വിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന 50 ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകളും പോലീസ് കണ്ടെടുത്തു.
കരയാമുട്ടം സൊസൈറ്റിക്ക് സമീപമുള്ള വാടക വീട്ടിൽ വെച്ചാണ് ഡാൻസാഫ് സംഘവും വലപ്പാട് പോലീസും ചേർന്ന് പ്രതിയെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തീരദേശ മേഖലയിലെ വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ലഹരി വിൽപ്പനയുടെ ഉറവിടം കണ്ടെത്തിയത്.
പോലീസ് പരിശോധന ഒഴിവാക്കാൻ അതീവ ജാഗ്രതയോടെയാണ് ഇവർ ഇടപാടുകൾ നടത്തിയിരുന്നതെന്നും, വിശ്വസ്തരായ ഉപഭോക്താക്കൾക്കാണ് ലഹരി കൈമാറിയിരുന്നതെന്നും പോലീസ് അറിയിച്ചു. ഇവർക്കു ലഹരി എത്തിച്ച് നൽകിയ ആളെക്കുറിച്ചുള്ള നിർണ്ണായക വിവരവും ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നത് ഉൾപ്പെടെ പോലീസ് അന്വേഷണം തുടരുകയാണ്.






